അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിന് അനുമതിയില്ല; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ബ്രഹ്മപുരം പ്രശ്നവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷനിലെ പ്രത്യേക കൌൺസിലിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തെ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.


ഡയസില്‍ പ്ലക്കാര്‍ഡ് സ്ഥാപിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ പിടിക്കരുതെന്നും എല്ലാം ജനം കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾക്ക് സ്പീക്കർ താക്കീത് നൽകി. ബാനര്‍ പിടിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.


റോജി എം ജോണാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ നോട്ടിസ് നൽകിയത്. ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബ്രഹ്മപുരം മാലിന്യ വിഷയം ഇന്നലെ അടിയന്തരപ്രമേയമായി പരിഗണിച്ചതിനാൽ വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാൽ, ഇന്നലെ അടിയന്തര പ്രമേയം അവതരിപ്പിച്ചശേഷം നടന്ന ഗുരുതരമായ വിഷയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പോലീസ് അക്രമത്തിൽ ഒരു യു ഡി എഫ് കൗൺസിലറിന് തലക്ക്  19 തുന്നലുണ്ടെന്നും മറ്റൊരാളുടെ കാൽ ഒടിഞ്ഞെന്നും നിരവധി പേർക്കാണ് പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളെ പിന്മാറ്റാനുള്ള സ്പീക്കറുടെ ഇടപെടലിനിടെ അസാധാരണ അഭിപ്രായപ്രകടനങ്ങളുണ്ടായി. സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് പാലക്കാട്ടെ ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഷാഫി പറമ്പിലിന് പിന്നാലെ റോജി എം ജോണിനെയും സനീഷ് ജോസഫിനെയും പേരെടുത്ത് വിളിച്ച് സ്പീക്കര്‍ ഉപദേശിച്ചു. വളരെ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പതിനാറാം നിയമസഭയിലേക്ക് വരേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. സാധാരണ നിഷ്പക്ഷനായി നിലകൊള്ളേണ്ട സ്പീക്കർമാർ ഇങ്ങനെ പറയാറില്ല. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി സമാന്തര സഭ നടത്തുകയായിരുന്നെന്നും തങ്ങൾക്ക് പറയാനുള്ളത് അങ്ങനെ പറഞ്ഞെന്നും ഇത് സഭാ ചരിത്രത്തിൽ ആദ്യമാണെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.