മോദിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8കിലോമീറ്ററാക്കി; വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയാക്കി പുനര്‍നിശ്ചയിച്ചു :-
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി, നേരത്തെ 1.2 കിലോമീറ്ററാണ്നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാകും റോഡ് ഷോ. റോഡ് ഷോ കാണാൻ കൂടുതൽ ആളുകൾ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്. നേരത്തെ തേവര ജംങ്ഷൻ മുതലാണ് നിശ്ചയിച്ചിരുന്നത്.
അതിനിടെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പൊലീസ് വിന്യാസം ചോര്‍ന്നതില്‍ ഡിജിപി റിപ്പോർട്ട് തേടി. ഇൻറലിജൻസ് മേധാവിയോട് ചോർച്ചയിൽ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകാന്‍ നിർദ്ദേശം നല്‍കി. പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി തെക്കൻ കേരളത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.
സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോർന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന് കൃത്യമായ മറുപടി നൽകണമെങ്കിൽ സമഗ്രമായ അന്വേഷണം കൂടിയേ തീരു. ഇത് മുന്നിൽ കണ്ടാണ്ടാണ് ഡിജിപി റിപ്പോർട്ട് തേടിയത്. അതീവ സുരക്ഷ പ്രാധാന്യമുള്ള റിപ്പോർട്ട് സേനയിൽ നിന്നുതന്നെ ചോർന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴെ തട്ടിലേക്ക് വാട്സ് ആപ്പ് വഴി അയച്ചപ്പോഴാണ് ചോർന്നതെന്നാണ് നിഗമനം.
എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെ കേരളത്തിൽ ക്യാമ്പ് ചെയ്ത് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിടെയാണ് പൊലിസിന്‍റെ ഭാഗത്തുള്ള വീഴ്ച. വിവിഐപി സന്ദർശനത്തിൻെറ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പൊലിസ് മേധാവിമാരാണ് സുരക്ഷ പദ്ധതി തയ്യാറാക്കുന്നത് . വാഹനവ്യൂഹത്തിൻെറ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ , വിഐപി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ സ്കീൂം തയ്യാറാക്കുന്നത് ജില്ലാ പൊലിസ് മേധാവിയാണ്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ബോംബ് സ്ക്വാഡ് തുടങ്ങി വിഐപി സന്ദർശന സമയത്ത് സുരക്ഷയുടെ ചുക്കാൻ പിടിക്കാനുള്ള മറ്റൊരു സ്കീം തയ്യാറാക്കുന്നത് ഇൻറലിജൻസ് മേധാവിയും. ഓരോ സ്ഥലത്തും നിയോഗിക്കുന്ന എസ്പിമാരുടെയും ഡിവൈഎസ്പിമാരുെടയും പൊലിസുകാരുടെയും വിവരങ്ങളാണ് പൂർണമായും ചോർന്നത്.
പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ പ്രധാനമന്ത്രി പെട്ടെന്നാണ് കേരളത്തിലേക്കെത്തിയത്. അന്ന് സുരക്ഷ പദ്ധതി തയ്യാറാക്കി വാട്സ് ആപ്പ് വഴിയാണ് കൈമാറിയത്. ഇത് ആവർത്തിക്കരുതെന്ന നിർദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചതിനാൽ പിന്നീടുള്ള വിഐപി സന്ദർശനങ്ങളില്‍ അതീവ ജാഗ്രത പുലർത്തിയിരുന്നു. എന്നിട്ടുമുണ്ടായ വീഴ്ചയാണ് പൊലീസിന് തലവേദനയായിരിക്കുന്നത്.

0 അഭിപ്രായങ്ങള്‍