റഹ്മത്ത് കോഴിക്കോട് പോയത് സഹോദരിയുടെ വീട്ടിൽ നോമ്പു തുറക്കാൻ; സഹോദരിയുടെ മകളെ കൂട്ടി മടങ്ങിയത് മരണത്തിലേക്കും; പൊന്നോമനയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയിൽ; നോവായി റഹ്‌മത്തും സഹ്‌ലയും :-


03.04.2023


കോഴിക്കോട്: സഹോദരിയുടെ വീട്ടിൽ നോമ്പ് തുറക്കെത്തി സഹോദരീപുത്രി രണ്ടു വയസുകാരിയുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്‌മത്ത്. പക്ഷെ അവർ ആ യാത്ര പൂർത്തിയാക്കില്ലെന്ന് ആരും ചിന്തിച്ച് കാണില്ല. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് ട്രെയിനിൽ കാത്തിരുന്നത് അപ്രതീക്ഷിത ആക്രമണം ആയിരുന്നു. ഷുഹൈബ്- ജസീല ദമ്പതികളുടെ മകളാണ് സഹ്ല. ജസീലയുടെ സഹോദരിയാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌രിയ മൻസിലിൽ റഹ്മത്ത്. തന്റെ പൊന്നോമനയുടെ വിയോഗ വാർത്തയറിയാതെ ജസീലയുടെ ഭര്‍ത്താവ് ഷുഹൈബ് ഉംറയ്ക്കായി മദീനയില്‍ ആണുള്ളത്. ഇന്ന് ഷുഹൈബ് നാട്ടിലെത്തും.


‘ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചുപറഞ്ഞത്. അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനിൽ സാധാരണ ഇവർ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു’ എന്നാണ് ബന്ധുവായ നാസർ പറയുന്നത്.