വയനാട്ടിൽ ഞാൻ സംസാരിക്കുന്നത് എന്റെ സഹോദരന്റെ കുടുംബത്തോട്’; ഇന്ത്യൻ ജനതയല്ല, അദാനിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമെന്ന് പ്രിയങ്ക ഗാന്ധി
:11.04.2023
കല്പറ്റ: വയനാട്ടിൽ താൻ സംസാരിക്കുന്നത് സഹോദരന്റെ കുടുംബത്തോട് തന്നെയെന്ന് പ്രിയങ്ക ഗാന്ധി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളെ കാണാൻ ആദ്യമായി രാഹുൽ ഗാന്ധിയ വേദിയിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുലിന് ഭാര്യയോ മക്കളോ ആരുമില്ല. നിങ്ങളാണ് രാഹുലിൻറെ കുടുംബം. മറ്റാരേക്കാളും നന്നായി നിങ്ങൾക്ക് രാഹുലിനെ അറിയാം എന്ന് എനിക്കുറപ്പുണ്ട്. രാഹുൽ ധീരനാണ്. ആർക്കും രാഹുലിനെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങൾ എപ്പോഴും താങ്ങും തണലുമായി ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ ഗുജറാത്ത് കോടതി അദ്ദേഹത്തെ അയോഗ്യനാക്കി. ഇന്ന് നിങ്ങളുടെ എംപിയുടെ ഭാവി കോടതിയുടെ കൈകളിലാണ്. അനീതികൾക്കെതിരെ ചോദ്യം ചോദിക്കാനുള്ള അവകാശമാണ് ഇന്ന് അപകടത്തിലായിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ചോദ്യം ചോദിക്കുന്ന ഒരു മനുഷ്യനെ അപമാനിക്കാനും ആക്രമിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. നുണ പറയുന്നവർക്ക് സത്യത്തെ സഹിക്കാനാകില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരം കെട്ടിപ്പടുത്തത് സത്യഗ്രഹത്തിലുടെയാണ്. ആ രാജ്യത്താണ് ഇതെല്ലാം അരങ്ങേറുന്നത്. ബിജെപിയും കേന്ദ്ര സർക്കാരും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. അതും അദാനി എന്ന ഒരു വ്യക്തിയെ സംരക്ഷിക്കാൻ വേണ്ടി. ഈ രാജ്യത്തിൻറെ സ്വത്തെല്ലാം ഒരു വ്യക്തിക്ക് എഴുതിക്കൊടുക്കാനാണ് നീക്കം. രാജ്യം അപകടകരമായ ഒരു നാൽക്കവലിയിലാണ്. ഏത് പാത തിരഞ്ഞെടുക്കണം എന്നതാണ് പ്രശ്നം, പ്രിയങ്ക പറഞ്ഞു.
ഇന്ത്യൻ ജനതയല്ല അദാനിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമെന്ന് പ്രിയങ്ക ആരോപിച്ചു. ഇന്ത്യ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നാണ് മോദിയും ബിജെപിയും കരുതുന്നത്. ഭരണ സംവിധാനങ്ങൾ തകരുമ്പോൾ ജനാധിപത്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും വർദ്ധിക്കുമ്പോൾ പ്രധാനമന്ത്രി ചോദ്യങ്ങളോട് നിശ്ശബ്ദത പാലിക്കുന്നു. ഞങ്ങൾ ഇനിയും ചോദ്യങ്ങൾ ചോദിക്കുമെന്നും പ്രിയങ്ക പറഞ്ഞു.രാഹുലിനെ നിശ്ശബ്ദനാക്കാനും നിരായുധനാക്കാനും ഭരണകൂടം ശ്രമിക്കുമ്പോൾ വയനാടും രാജ്യം മുഴുവനും രാഹുലിനൊപ്പം നിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു. അതിൻരെ ഉദാഹരണമാണ് വയനാട്ടിൽ കിട്ടിയ സ്വീകരണമെന്നും പ്രിയങ്ക പറഞ്ഞു.


0 അഭിപ്രായങ്ങള്