ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; ഗർഭിണിയും, കുട്ടികളുമടക്കം പതിനഞ്ചോളം പേർ ചികിത്സ തേടി :-


27.04.2023


മലപ്പുറം: ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം. എ ആർ നഗർ ഇരുമ്പുചോലയിലെ കടയിൽനിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ ഗർഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്.


ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. എആർ നഗർ യാറത്തുംപടി സ്വദേശിയുടെ പത്ത് വയസ് പ്രായമായ മകളെയാണ് താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും, പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യാറത്തുംപടി, വികെ പടി സ്വദേശികളായ അഞ്ച് പേരും ,പന്താരങ്ങാടി സ്വദേശികളായ നാല് പേരും ,പ്രാഥമിക ചികിത്സ നേടിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം ഒമ്പത് പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എല്ലാവരും ഒരേ ദിവസം ഒരേ കടയിൽനിന്ന് ഭക്ഷണം കഴിച്ചവരാണ്. ഇരുമ്പുചോലയിലെ കടയിൽനിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ശേഷം ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ക്ഷീണം, വയറിളക്കം, ഛർദി എന്നിവയാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്.


പലരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ബ്രോസ്റ്റും, മയോണൈസുമാണ് കഴിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ ഓഫിസറുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗവും, ആരോഗ്യ വിഭാഗവും കടയിൽ പരിശോധന നടത്തി ഭക്ഷ്യ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. കടയടക്കാൻ നോട്ടീസും നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ സാംപിളും പരിശോധനയ്ക്ക് അയച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു. രാത്രി 11 വരെ ഭക്ഷണം കൊടുത്തവർക്ക് പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിന് ശേഷം എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും ഉടമ പറയുന്നു.