പനി: സംസ്ഥാനത്ത് ഇന്ന് ആറ് മരണം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണം വര്‍ധിക്കുന്നു. ഇന്ന് ആറുപേരാണ് പനിയെ തുടര്‍ന്ന് മരിച്ചത്. കൊല്ലത്ത് നാലും എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്. ഇതില്‍ കൊല്ലത്തെ മൂന്ന് മരണങ്ങള്‍ ഡെങ്കിപ്പനി ബാധിച്ചുള്ളതാണ്.


കൊട്ടാരക്കര സ്വദേശി വൈ കൊച്ചുകുഞ്ഞ് ജോണ്‍ (70), ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), ആയൂര്‍ വയ്യാനം സ്വദേശി ബഷീര്‍ (74) എന്നിവരാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്. പത്തനംതിട്ടയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയും മരണപ്പെട്ടു. ചാത്തന്നൂരില്‍ ഒഴുകുപാറ സ്വദേശിയും അഞ്ചാ ക്ലാസ് വിദ്യാര്‍ഥിയുമായ അഭിജിത്ത്, ഐ ടി ഐ വിദ്യാര്‍ഥി സമദ് (18) എന്നിവരും മരിച്ചു.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 37 ആയി. ഇതില്‍ 21 മരണവും ഡെങ്കിപ്പനി ബാധിച്ചുള്ളതാണ്.

സംസ്ഥാനത്ത് പനി കേസുകളില്‍ കൂടുതല്‍ വര്‍ധനക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രതയും മുന്‍കരുതലും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.


എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച വരുത്തരുത്. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. ഡെങ്കിപ്പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.