അടച്ചിട്ടിരുന്ന മുറിയ്‌ക്കുള്ളിലെ നടരാജ വിഗ്രഹത്തിന്റെ കഴുത്തിൽ പടുകൂറ്റൻ മൂർഖൻ പാമ്പ്; അമ്പരന്ന് തൊഴിലാളികൾ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


വിവാഹ വേദിയിൽ സ്ഥാപിക്കാൻ വച്ചിരുന്ന നടരാജ വിഗ്രഹത്തിന് മുകളിൽ ചുറ്റിയിരുന്ന പാമ്പിനെ കണ്ട് അമ്പരന്ന് തൊഴിലാളികൾ. തമിഴ്‌നാട്ടിലെ സിർക്കലിയിലാണ് സംഭവം. അഞ്ചടി നീളമുള്ള പാമ്പാണ് വിഗ്രഹത്തിൽ ചുറ്റിയിരുന്നത്.


ഈ മാസം 15നായിരുന്നു സംഭവം നടന്നത്. വിജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇവന്റ് മാനേജ്മെന്റ് സംഘത്തിന്റെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് പാമ്പ് എത്തിയത്. വിവാഹത്തിനാവശ്യമായ പാത്രങ്ങളും അലങ്കാര സാധനങ്ങളും ഉൾപ്പെടെയുള്ളവ ആ വലിയ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ശിവ ഭഗവാന്റെ പ്രതീകമായ നടരാജ വിഗ്രഹത്തിന്റെ കഴുത്തിലാണ് പാമ്പ് ചുറ്റിയിരുന്നത്. സാധനങ്ങൾ വൃത്തിയാക്കുന്നതിനായി തൊഴിലാളികൾ മുറി തുറന്നപ്പോഴാണ് പടുകൂറ്റൻ പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ് പിടുത്തക്കാരനായ പാണ്ഡ്യനെ തൊഴിലാളികൾ വിവരമറിയിച്ചു. പാമ്പ് പ്രതിമയിൽ മുറുകെ പറ്റിപ്പിടിച്ചിരുന്നതിനാൽ പുറത്തെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാണ്ഡ്യ പാമ്പിനെ പിടികൂടിയത്. ശേഷം പാമ്പിനെ വനമേഖലയിൽ തുറന്നുവിട്ടു.