കേന്ദ്ര വൈദ്യുതി നിയമം 2003, സെക്ഷന്‍ 62 (4) –ല്‍, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജിലൂടെ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഇന്ധന വില, പണപ്പെരുപ്പം, ഹൈഡ്രോ തെര്‍മല്‍ മിക്സ് എന്നിവയിലുള്ള വ്യതിയാനങ്ങള്‍ കാരണം വൈദ്യുതിവിലയിലുണ്ടാക്കുന്ന അനിയന്ത്രിതമായ ഏറ്റക്കുറച്ചിലുകള്‍ വിതരണ ഉത്പ്പാദക കമ്പനികളുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ ഇത് യഥാസമയം ഈടാക്കുവാനുള്ള വ്യവസ്ഥകള്‍ ചെയ്യണമെന്നും  ഈ ബാധ്യതയുടെ അധികഭാരം ഭാവിയില്‍ ഉപഭോക്താക്കളാകുന്നവരെ ഒരുതരത്തിലും ബാധിക്കരുതെന്നും ദേശീയ താരിഫ് നയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.  

 

ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ യഥാസമയം വൈദ്യുതി വിതരണ കമ്പനികള്‍ ഉത്പ്പാദക കമ്പനികള്‍ക്കു ലഭ്യമാക്കണമെന്നു കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാല്‍ വിതരണ കമ്പനികള്‍ മൊത്തം വൈദ്യുതി വാങ്ങല്‍ ചെലവ് സമയബന്ധിതമായി  ഉത്പ്പാദന കമ്പനികള്‍ക്കു  നല്‍‍കേണ്ടതുണ്ട്. വിതരണ കമ്പനികള്‍ക്ക് ഈ തുക യഥാസമയം പിരിച്ചെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍  അത് വിതരണ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ബാധ്യത നിറവേറ്റുന്നതിനായി വായ്പയെടുക്കേണ്ടി വരികയും അതുവഴി പലിശ ചെലവുകള്‍ വര്‍ദ്ധിക്കുകയും ആത്യന്തികമായി  താരിഫ് വര്‍ദ്ധനയ്ക്ക്  ഇടയാക്കുകയും ചെയ്യുന്നു. അതിനാല്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഓഫ് ഇലെക്ട്രിസിറ്റി 11 നവംബര്‍ 2011–ല്‍ എല്ലാ സംസ്ഥാന കമ്മീഷനുകളും fuel  and power purchase adjustment mechanism ഏര്‍‍‍പ്പെടുത്തണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട് .


 പ്രസ്തുത റെഗുലേഷന്‍- 87 പ്രകാരം കെ.എസ്.ഇ.ബി.എല്‍ എല്ലാ ത്രൈമാസത്തിലൊരിക്കലും അതത് പാദവര്‍ഷത്തിലെ ഇന്ധന സര്‍ചാര്‍ജ് പെറ്റീഷന്‍ 45 ദിവസത്തിനുള്ളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. കെ.എസ്.ഇ.ബി.എല്‍ സമര്‍പ്പിക്കുന്ന പെറ്റീഷനില്‍ വിശദമായ പരിശോധനയ്ക്കും പൊതുതെളിവെടുപ്പിനും ശേഷം കമ്മീഷന്‍  നിശ്ചയിക്കുന്ന നിരക്കിലും കാലയളവിലേക്കും ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി വരുന്നു.


കോവിഡാനന്തര കാലയളവില്‍ ഊര്‍ജ്ജാവശ്യകത ഗണ്യമായി വര്‍ദ്ധിക്കുകയുണ്ടായി. എന്നാല്‍ അതിനനുസരിച്ച് ആഭ്യന്തര കല്‍ക്കരി ലഭ്യതയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. 2022 -23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദങ്ങളില്‍‌ ഇന്ത്യയിലുണ്ടായ വര്‍ദ്ധിച്ച കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി വാങ്ങല്‍ ചെലവ് വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഇക്കാരണത്താല്‍ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനും മണ്‍‍‍സൂണ്‍ കാലത്തെ ഇന്ധന സ്റ്റോക്ക് ഉറപ്പാക്കാനുമായി  കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം 28.04.22-ന് എല്ലാ കല്‍ക്കരി അധിഷ്ടിത വൈദ്യുതി ഉല്‍പ്പാദന നിലയങ്ങള്‍ക്കും 10% ഇറക്കുമതി ചെയ്ത വില കൂടിയ കല്‍ക്കരി ഉപയോഗിക്കാന്‍ (10% blending) നിര്‍‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട്, ഗുണഭോക്താക്കളായ വിതരണ കമ്പനികളുടെ അനുവാദമില്ലാതെ തന്നെ 30% വരെ ഇറക്കുമതി ചെയ്ത വില കൂടിയ കല്‍ക്കരി ഉപയോഗിക്കാന്‍ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളെ  അനുവദിച്ചു കൊണ്ട്  ഉത്തരവിറക്കാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്  18-5-2022-ല്‍ കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം   നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 26.07.2022–ല്‍ 20% വരെ ഇറക്കുമതി ചെയ്ത വില കൂടിയ കല്‍ക്കരി. ഗുണഭോക്താക്കളായ വിതരണ കമ്പനികളുടെ അനുവാദമില്ലാതെ തന്നെ ഉപയോഗിക്കാന്‍ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളെ  31.10.2022 വരെ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. പിന്നീട് ഇത് 6% ആയി പുതുക്കി കൊണ്ട് 31-10-2023 വരെയുള്ള കാലയളവിലേക്ക് നീട്ടിയിട്ടുണ്ട്. 


കേരളം വൈദ്യുതി വാങ്ങുന്ന താപനിലയങ്ങളില്‍, ഇറക്കുമതി ചെയ്ത വില കൂടിയ കല്‍ക്കരി ഉപയോഗിക്കേണ്ടി വന്നതും, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന കല്‍ക്കരി മറ്റ് ഖനികളില്‍ നിന്നും എത്തിച്ച് ഉപയോഗിക്കേണ്ടി വന്നതും കാരണം അവിടങ്ങളില്‍  ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇന്ധന വില കുതിച്ചുയര്‍ന്നതാണ് വൈദ്യുതി വാങ്ങല്‍ ചെലവില്‍ അധിക ബാധ്യത ഉണ്ടാക്കിയിരിക്കുന്നത്. ഈ അധിക ബാധ്യത ആണ് ഇപ്പോള്‍ ഇന്ധന സര്‍ചാര്‍ജ് ആയി ഈടാക്കുന്നത്.

ഇതിനിടയില്‍ നടപടി ക്രമങ്ങളിലെ താമസം കാരണം ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ യഥാസമയം ഈടാക്കുവാന്‍ കഴിയാത്തതിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്തും കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം 29.12.2022-ലെ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് വൈദ്യുതി ഭേദഗതി നിയമം-2022 പുറപ്പെടുവിക്കുകയുണ്ടായി.പ്രസ്തുത നിയമത്തിന് ഇന്ധനവിലയിലോ വൈദ്യുതി വാങ്ങല്‍ ചെലവിലോ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇന്ധന സര്‍ ചാര്‍ജ്ജിലൂടെ ഉപഭോക്താക്കളില്‍ നിന്നും മാസാടിസ്ഥാനത്തില്‍ യഥാസമയം ഈടാക്കുവാന്‍ വിതരണ ലൈസെന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്യുകയുണ്ടായി. ഇതാണ് Monthly Fuel Surcharge ആയി ഈടാക്കുന്നത്.


സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് താരിഫ് റെഗുലേഷന്‍ ചട്ടം 87 പരിഷ്കരിച്ച് കൊണ്ട്  KSERC Terms and Conditions of Tariff Amendment Regulations പുറപ്പെടുവിക്കുകയും പ്രസ്തുത റെഗുലേഷനില്‍ ഏപ്രില്‍ 2023 മുതല്‍ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ ലൈസെന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന്‍ പ്രകാരം  ഏപ്രില്‍ 2023-ലെയും മെയ് 2023-ലെയും ഇന്ധന സര്‍ചാര്‍ജ് ആയ 10 പൈസ/ യൂണിറ്റും, 9 പൈസ/യൂണിറ്റും യഥാക്രമം ജൂണിലേയും ജൂലൈയിലേയും ബില്ലിലുള്ള ഉപഭോഗത്തില്‍ ഈടാക്കുകയുണ്ടായി. അപ്രകാരം മെയ് 2023-ലെ ഇന്ധന സര്‍ചാര്‍ജ് ആയി 9 പൈസയും, ഏപ്രില്‍-ഡിസംബര്‍ 2022 വരെയുള്ള കാലയളവിലെ ഇന്ധന സര്‍ചാര്‍ജ് ആയി 9 പൈസയും ചേര്‍ത്ത് ആകെ 18 പൈസ/യൂണിറ്റ് ആണ് ഇന്ധന സര്‍ചാര്‍ജ് ആയി ജൂലൈ മാസത്തെ ബില്ലില്‍ ഈടാക്കുന്നത്.