ആശ്വാസം; ഇന്ന് പുതിയ നിപ കേസില്ല, 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് നീക്കി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


നിപ ഭീതി ഒഴിയുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇന്ന് പുതിയ നിപ കേസുകളില്ല. 9 വയസ്സുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് നീക്കിയെന്നും മന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യ മന്ത്രി.


ഇതുവരെ 1233 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 34167 വീടുകൾ ഇതുവരെ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തിയിട്ടുണ്ട്. മെഡി കോളേജിൽ 23 പേർ ചികിത്സയിൽ തുടരുന്നുണ്ട്. 36 വവ്വാലിലുകളുടെ സാമ്പിൾ ശേഖരിച്ചു പുനയിലേക്ക് അയച്ചു. ഓരോ വവ്വാലിന്‍റെയും മൂന്ന് സാമ്പിളുകള്‍ വീതമാണ് പരിശോധനക്കയച്ചത്''. വീണാ ജോർജ് പറഞ്ഞു.


നിപ പരിശോധനക്കായി അയച്ച 42 സാമ്പിളുകളുടെ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 51 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരശേഖരണം തുടരുകയാണ്. ഇതിന് പൊലീസിന്റെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

മൊബൈൽ ടവർ ലൊക്കേഷനും സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. കുറച്ചുദിവസങ്ങൾ കൊണ്ട് ഇതുവരെയുള്ള എല്ലാ പോസിറ്റീവ് കേസുകളുടെയും സമ്പർക്കപ്പട്ടിക പൂർത്തിയാക്കാൻ കഴിയും. 19 ടീമുകളുടെ പ്രവർത്തനങ്ങൾ നടക്കുന്നു. കേന്ദ്രസംഘം ഇന്നും പരിശോധന തുടരും. ഐ സി എം ആറിന്റെയും എൻ ഐ വിയുടെയും സംഘങ്ങൾ ഫീൽഡ് സന്ദർശനം നടത്തും.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നിപ രോഗം സ്ഥിരീകരിച്ച മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുകയാണ്'- മന്ത്രി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത് തലസ്ഥാനത്തിന് ആശ്വാസമായി. കോഴിക്കോട് നിന്ന് തലസ്ഥാനത്തെത്തിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ഫലമാണ് നെഗറ്റീവായത്. വിദ്യാർത്ഥിയ്ക്ക് പനി ബാധിച്ചതോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കാട്ടാക്കട സ്വദേശിനിയെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ പനിയുണ്ടായതോടെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയായിരുന്നു.