കേരളം ഉത്സവ സീസണിൽ; ആരാധനാലയങ്ങൾക്ക് കെഎസ്ഇബിയുടെ അറിയിപ്പുകൾ -


:22-02-2022


തിരുവനന്തപുരം: കേരളത്തിൽ ഉത്സവങ്ങളുടെ സീസൺ എത്തിയതോടെ അറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകളില്‍ നിന്നും നിശ്ചിത അകലം പാലിച്ചു മാത്രമേ ഉത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍, വിളക്കുകെട്ടുകള്‍, കമാനങ്ങള്‍ ,ബോർഡുകൾ ,കൊടികൾ എന്നിവ ഉപയോഗിക്കാവൂ  എന്നാണ് നിർദേശം. കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ട് ലൈനുകള്‍ ക്രമീകരിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ മുന്‍‍കൂറായി നല്‍കിയാല്‍ മാത്രമേ ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്താന്‍ കെ  എസ് ഇ ബി ക്ക് കഴിയുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു.


കെ എസ് ഇ ബിയുടെ അറിയിപ്പ് ഇപ്രകാരം


വിവിധ ആരാധനാലയങ്ങളിലെ ഉത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍, വിളക്കുകെട്ടുകള്‍, കമാനങ്ങള്‍ എന്നിവയില്‍ വൈദ്യുതിലൈന്‍ സ്പര്‍‍ശിച്ചുള്ള വൈദ്യുതി അപകടങ്ങള്‍ ഏറിവരികയാണ്. സമീപകാലത്ത് ജീവഹാനി ഉള്‍‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൈദ്യുതി ലൈനുകളില്‍ നിന്നും നിശ്ചിത അകലം പാലിച്ചു മാത്രമേ ഇവ നടത്താവൂ എന്ന നിര്‍‍ദ്ദേശം നിലവിലുണ്ടെങ്കിലും പലപ്പോഴും അവ പാലിക്കപ്പെടുന്നില്ല. കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ട് ലൈനുകള്‍ ക്രമീകരിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ മുന്‍‍കൂറായി നല്‍കിയാല്‍ മാത്രമേ ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂ. കെട്ടുകാഴ്ചകളുടെ എണ്ണം, ഉയരം, ഏതൊക്കെ വഴിയിലൂടെയാണ് സഞ്ചരിക്കുക എന്നീ വിവരങ്ങള്‍ കൃത്യമായി കാലേക്കൂട്ടിതന്നെ കെ എസ് ഇ ബി ഓഫീസിൽ  അറിയിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട മുഴുവന്‍ കെട്ടുകാഴ്ചയ്ക്കുമായുള്ള അപേക്ഷകള്‍ ക്രോഡീകരിച്ച് ആരാധനാലയങ്ങളുടെ ഭാരവാഹികള്‍ സെക്ഷന്‍ ഓഫീസുകളില്‍ എത്തിക്കണം. അപേക്ഷകളില്‍ പറഞ്ഞിട്ടുള്ള ഉയരത്തിലും, വഴികളിലും മാറ്റം വരുത്താന്‍ പാടില്ല.

ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട് നടക്കുന്ന കെട്ടുക്കാഴ്ചകള്‍, വിളക്കുകെട്ടുകള്‍, കമാനങ്ങള്‍ എന്നിവ വൈദ്യുതിബന്ധം വിച്ഛേദിക്കുമ്പോഴും ലൈനുകള്‍ അഴിച്ചു മാറ്റുമ്പോഴും ഉത്സവം നടക്കുന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി ഉപഭോക്താക്കള്‍‍ക്ക് വൈദ്യുതി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. ഇതുകാരണം ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള സമ്മര്‍‍ദ്ദമാണ് ജീവനക്കാര്‍ അനുഭവിക്കുന്നത്. മുന്‍കൂട്ടി കൃത്യമായ വിവരങ്ങള്‍ കൈമാറിയാല്‍ വൈദ്യുതി മുടങ്ങുന്ന സാഹചര്യം പരമാവധി കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. കെട്ടുകാഴ്ച പകല്‍ സമയത്തേക്ക് ക്രമീകരിച്ചാൽ വൈദ്യുതി തടസ്സം മൂലം ജനങ്ങള്‍‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും.


അതുപോലെതന്നെ വൈദ്യുതി ദീപാലങ്കാരങ്ങള്‍ സുരക്ഷാ മുന്‍‍കരുതലുകള്‍ പാലിക്കാതെ നടത്തുന്നതുകാരണമുള്ള അപകടങ്ങളും ഏറിവരികയാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍‍ഡ് നിഷ്കര്‍‍ച്ചിട്ടുള്ള മുന്‍‍കരുതല്‍ നിര്‍‍ദ്ദേശങ്ങള്‍‍ കര്‍‍ശനമായി പാലിക്കണമെന്നും വൈദ്യുതി ബോര്‍ഡ് മുഖ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.