വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം; സ്ഥിരീകരിച്ച്‌ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്




*കോഴിക്കോട്:*  

വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം. നിപ ബാധിത മേഖലകളില്‍ നിന്ന് 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം.


ഇതു സംബന്ധിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഫ്രണ്ടിയര്‍ ഇന്റര്‍നാഷനല്‍ മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാര്‍ച്ച്‌ 5നാണ് മാഗസിന്‍ പുറത്തിറങ്ങിയത്.


വൈറസ് മനുഷ്യരിലേക്ക് പകരുന്നത് ഏതുവിധത്തിലാണെന്ന് വ്യക്തമാക്കാന്‍ തുടര്‍പഠനം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.


കോഴിക്കോട് ജില്ലയിലെ പേരാമ്ബ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നാണ് വവ്വാലുകളുടെ സ്രവങ്ങള്‍ സ്വീകരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസിന്റെ ആന്റി ബോഡി സാന്നിധ്യമുണ്ടായിരുന്നു.


ഒപ്പം 44 വവ്വാലുകളുടെ കരള്‍, പ്ലീഹ എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ 4 എണ്ണത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. മുമ്ബുണ്ടായിരുന്ന നിപ വൈറസുമായി 99 ശതമാനം ജനിതക സാമ്യമുള്ളവയാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്.