പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു :-


 09.05.2024


എകരൂൽ: ശരീരമാസകലം പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (61) മകൻ അക്ഷയ് ദേവിന്‍റെ (28) മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ദേവിനെ ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പരിക്കേറ്റ നിലയിൽ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചത്. അന്നു തന്നെ ദേവദാസ് മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകൻ അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെ വീട്ടിനുള്ളിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്.

അച്ഛനും മകനും മദ്യപിച്ച് അടിപിടിയും ബഹളവുമുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അക്ഷയ് ദേവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ഇവരുടെ ബഹളം കാരണം ദേവദാസന്‍റെ ഭാര്യ മകളോടൊപ്പം ഡൽഹിയിലും അമ്മ അവരുടെ വീട്ടിലും മാറി താമസിക്കുകയാണ്

കഴിഞ്ഞ മൂന്നിന് മകന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദേവദാസനെ മകൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനകം തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. മർദനത്തിൽ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകർന്നിരുന്നു. കിഡ്നിക്കും വൃഷണത്തിനും ഗുരുതര പരിക്കുണ്ടായിരുന്നു. തീരെ അവശനായതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ബാലുശ്ശേരിയിലെ സ്വകാര്യ ആശുത്രിയിലെത്തിച്ചത്.കുറ്റം സമ്മതിച്ച അക്ഷയ് ദേവിനെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി