ഓൺലൈൻ സാമ്പത്തിക ഇടപാട്; യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി.


 15.06.2024


 എളേറ്റിൽ വട്ടോളി: എളേറ്റിൽ സ്വദേശിയായ യുവാവിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പരാതി.എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് റിഷാദിനെയാണ് കാണാതായത്. ഓൺലൈൻ സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടിനായി കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റിഷാദ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബത്തിന്‍റെ പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.


കഴിഞ്ഞ ഏഴാം തിയതി വെള്ളിയാഴ്ചയാണ് കൊടുവള്ളി എളേറ്റില്‍ വട്ടോളി സ്വദേശി മുഹമ്മദ് റിഷാദ് വീട്ടില്‍ നിന്ന് പോയത്. ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ച് ലാഭം അടക്കം നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്ന രീതി ഉള്ളതായി റിഷാദ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇടപാടിനായി എറണാകുളത്തേക്ക് പോകുന്നുവെന്നുമാണ് കാണാതായ ദിവസം റിഷാദ് വീട്ടില്‍ പറഞ്ഞത്. ഈ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടിനെ കുറിച്ച് വീട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങളറിയില്ല . ഇങ്ങനെ നിക്ഷേപിക്കാനെന്ന് പറഞ്ഞ് ബന്ധുവിന്‍റെ കയ്യില്‍ നിന്ന് റിഷാദ് പണം വായ്പയായി വാങ്ങിയിരുന്നു.


 വീട്ടില്‍ നിന്ന് പോയതില്‍ പിന്നെ റിഷാദിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കാണാതായ ആളെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു.