പെരുന്നാളിനും വേതനമില്ല; കോഴിക്കോട് ചന്ദ്രിക  ഓഫീസിന് മുന്നില്‍ ധര്‍ണ  :-

 15.06.2024


മാസങ്ങളായ വേതനം കുടിശ്ശികയാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് ചന്ദ്രിക ജീവനക്കാര്‍ ധര്‍ണ നടത്തി. വര്‍ഷങ്ങളായി ജീവനക്കാര്‍ ന്യായമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് മാനേജ്‌മെന്റിനെ സമീപിക്കുമ്പോഴെല്ലാം കൈമലര്‍ത്തുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് കെ.യു.ഡബ്ല്യു.ജെ-കെ.എന്‍.ഇ.എഫ് കോര്‍ഡിനേഷന്‍ ചന്ദ്രിക കോഴിക്കോട് ഹെഡ്ഓഫീസ് പരിസരത്ത് ധര്‍ണ നടത്തിയത്. ബലി പെരുന്നാളിന് പോലും ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ട് വര്‍ഷങ്ങളായി. കോവിഡ് കാലത്ത് പിടിച്ചുവെച്ച വേതനം മുഴുവന്‍ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. പ്രമോഷനുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

മിഡില്‍ മാനേജ്‌മെന്റിന്റെ നിരുത്തവാദപരമായ സമീപനങ്ങളെ തുടര്‍ന്നാണ് സമര രംഗത്തേക്കിറങ്ങേണ്ടി വന്നതെന്നും ജീവനക്കാര്‍ പറയുന്നു. മാനേജ്‌മെന്റ് തുടര്‍ന്നുപോരുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയുള്ള സമര പരമ്പരകളുടെ സൂചനയെന്നോണമാണ് ഇന്നലെ ധര്‍ണ നടത്തിയത്. തൊഴിലാളി വിരുദ്ധ നടപടികള്‍ തുടരുകയാണെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് കോര്‍ഡിനേഷന്‍ തീരുമാനം.

ചന്ദ്രിക ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി പി.എസ് രാകേഷ് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.ഇ.എഫ് ജില്ലാ പ്രസിഡന്റ് ജിനന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍ഡിനേഷന്‍ കണ്‍വീനര്‍ മുഖ്താര്‍ ഉദരംപൊയില്‍, കെ.യു.ഡബ്ല്യു.ജെ ജില്ലാ ട്രഷറര്‍ പി.വി നജീബ്, കെ.എന്‍.ഇ.എഫ് ജില്ലാ ട്രഷറര്‍ കെ.സി ഷരീഫ്, ചന്ദ്രിക സെല്‍ സെക്രട്ടറി ബഷീര്‍ വാഴക്കാട്, വി.കെ സുരേഷ്, എ.പി ഇസ്മയില്‍, അഷ്‌റഫ് ചെപ്പു, ഹാരിസ് മടവൂര്‍, മുസ്തഫ മണ്ടായപ്പുറം, നൗഷാദ് വി.പി, ഷരീഫ് കൂളിമാട് സംസാരിച്ചു.