വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. 10ന് രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടുന്ന കപ്പൽ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.


വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദർഷിപ്പ് എത്തിക്കുന്നത്. 23ക്രെയിനുകൾ കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്റർ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയർട്രാഫിക് കൺട്രോളിന് സമാനമാണിത്. കപ്പൽ നങ്കൂരമിടുന്നതും കാർഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്. സാൻഫെർണാണ്ടോയിൽ നിന്ന് ഇറക്കുന്ന കണ്ടെയ്‌നറുകൾ ചെറിയ ഫീഡർ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും.


ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് അംഗീകാരം, കസ്റ്റോഡിയൻ കോഡ് അംഗീകാരം, ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസ് എന്നിവ ലഭിച്ചാലുടൻ തുറമുഖം കമ്മിഷൻ ചെയ്യാം.


വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നർ യാർഡിലേക്ക് ഇറക്കാനും അനായാസം കപ്പലിലേക്ക് കയറ്റാനുമായി  31 ക്രെയിനുകളാണുള്ളത്. ഇതിൽ 23 എണ്ണം യാർഡ് ക്രെയിനുകളും, 8 എണ്ണം ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ്. യാർഡ് ക്രെയിനുകൾ ഫുള്ളി ഓട്ടോമാറ്റിക്കായും, ഷിപ്പ് ടു ഷോർ ക്രെയിനുകൾ സെമി ഓട്ടോമാറ്റിക്കായുമാണ് പ്രവർത്തിക്കുന്നത്. പോർട്ട് ഓപ്പറേഷൻ ബിൽഡിങ്ങിൽ റിമോട്ട് കൺട്രോൾ ഓപ്പറേഷൻ സെന്ററിലെ റിമോട്ട് കൺട്രോൾ ഓപ്പറേറ്റിങ് ഡെസ്ക് വളരെ സൂക്ഷ്മതയോടെയാണ് ഈ പ്രവർത്തി നിർവഹിക്കുന്നത്. 


സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് നിലവിൽ ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക സംവിധാനമാണ്. വളരെ വൈദഗ്ദ്യമുള്ള ജീവനക്കാരാണ് ഇവ നിയന്ത്രിക്കുന്നത്. 16 ക്യാമറകളാണ് ഓരോ ക്രെയിനിലും ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. നിലവില്‍ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും അത്യാധുനിക സംവിധാനമാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിനുകള്‍.