നദിയ്ക്കടിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് തന്നെ; 18 അംഗ മുങ്ങൽ വിദഗ്ധർ പുഴയിലേക്ക് :-


24-07-2024


ഷിരൂർ: ഷിരൂരിലെ ഗംഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അർജുന്റേതെന്ന് സ്ഥിരീകരിച്ചു. ലോറി നദിയില്‍നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നാവിക സേന സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നു ബോട്ടുകളിലായി 18 പേരാണ് സ്ഥലത്തേക്കു പുറപ്പെട്ടത്. ഇന്നു രാത്രിയും തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. ​ഗം​ഗാവലി നദിയിൽനിന്നു കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു​. ജൂലൈ 8ന് ആണ് അർജുൻ ലോറിയിൽ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.


കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇപ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്തിയിരിക്കുന്നത്.