വയനാട് ദുരന്തം: മരണം 316 :-

പടവട്ടിക്കുന്നിൽ നാലു പേരെ ജീവനോടെ കണ്ടെത്തി :-


     02-08 -2024                            

                                                                                                      


മേപ്പാടി: വയനാട് ഉരുൾപ്പൊട്ടലിൽ മരണം 316 ആയി ഉയർന്നു. ഇതിൽ 23 പേർ കുട്ടികളാണ്. ചാലിയാറിൽനിന്ന് ഇതുവരെ 172 മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായവർക്ക് വേണ്ടി യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ തുടങ്ങി. നാലു പേരെ പടവെട്ടികുന്നിൽ ജീവനോടെ കണ്ടെത്തി. ഇവരെ ഉടൻ എയർ ലിഫ്റ്റിംഗ് ചെയ്യും. മുണ്ടക്കെയിൽ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചിൽ


പൊലീസിനും സന്നദ്ധ പ്രവർത്തകർക്കുമൊപ്പം കോസ്റ്റ്ഗാർഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചിൽ നടത്തുന്നത്. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്‌നാട്ടിൽനിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലൻസുകൾ എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷൻ അതിർത്തികളിലും പരിശോധന നടത്തുന്നുണ്ട്.


വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. തങ്ങളുടെ പ്രാർത്ഥനകൾ ഈ ദാരുണമായ സംഭവത്തിന്റെ ഇരകൾക്കൊപ്പമുണ്ടായിരിക്കും എന്ന് ജോ ബൈഡൻ വ്യാഴാഴ്‌ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അനുശോചനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.