അഞ്ച് വയസ്സുള്ള മകളുടെ കരച്ചിൽ; വാതിൽ പൊളിച്ചപ്പോൾ മലയാളി ദമ്പതികൾ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ :-

2024 August 29, 


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ റെമിമോൾ വസന്തകുമാരി എന്നിവരെയാണ് അൽഖോബാറിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണിപ്പോൾ. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതാണെന്നാണ് കരുതുന്നത്.


അഞ്ച് മാസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയത്.

ഇരുവരുടെയും മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടർ അന്വേഷണം പുരോഗമിക്കുന്നതായി നിയമനടപടികൾക്ക് നേതൃത്വം നൽകി വരുന്ന നാസ് വക്കം പറഞ്ഞു. നാട്ടിൽ കുടുംബവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുന്നതിന് കരുവ വാർഡ് മെമ്പർ അജ് മീറിൻറ നേതൃത്വത്തിൽ പ്രവർത്തിച്ചുവരികയാണ്. വേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി കുട്ടിയെ നാട്ടിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യ പ്രവർത്തകർ.