വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചിച്ച് കെഎസ്ഇബി; സെല്‍ഫ് മീറ്റര്‍ റീഡിങ് സാധ്യത :-
22-09-2024
തിരുവനന്തപുരം: ഉപയോക്താക്കൾക്ക് മാസംതോറും വൈദ്യുതിബിൽ നൽകുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവർക്ക് അവർ സ്വയംനടത്തുന്ന മീറ്റർ പരിശോധനയുടെ അടിസ്ഥാനത്തിൽ (സെൽഫ് മീറ്റർ റീഡിങ്) മാസംതോറും ബിൽ നൽകുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.
ഇപ്പോൾ രണ്ടുമാസത്തിലൊരിക്കൽ മീറ്റർ റീഡർ വീടുകളിലെത്തിയാണ് വൈദ്യുതിബിൽ നൽകുന്നത്. രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിർണയിക്കുന്നത്. ഇങ്ങനെ രണ്ടുമാസത്തിലൊരിക്കൽ ബിൽ നൽകുന്നതിനാൽ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാൽ കൂടുതൽ പണം നൽകേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി.
ദ്വൈമാസ ബില്ലിങ്ങിനെതിരേ വ്യാപകപ്രചാരണവും നടക്കുന്നുണ്ട്. വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെ.എസ്.ഇ.ബി. നടത്തിയ തെളിവെടുപ്പുകളിൽ മാസംതോറും ബിൽ നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ബിൽ രണ്ടുമാസത്തിലൊരിക്കൽ നൽകുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷൻ വിശദീകരിച്ചിരുന്നു. എന്നാൽ, തെളിവെടുപ്പുകളിൽ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തിൽ തൃപ്തരല്ല.
ഇതേത്തുടർന്നാണ് ആവശ്യപ്പെടുന്നവർക്ക് മാസംതോറും ബിൽ നൽകാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ കമ്മിഷൻ ബോർഡിന് നിർദേശം നൽകിയത്. മാസംതോറും ബിൽ നൽകുന്നതിൽ അപാകമില്ലെന്നാണ് കമ്മിഷൻ നിരീക്ഷിച്ചത്.

0 അഭിപ്രായങ്ങള്‍