മായം തിരിച്ചറിയാൻ പാക്കിംഗ് കവറുമായി മലയാളി ഗവേഷകൻ

September 22, 2024



നരിക്കുനി: മായം കലര്‍ന്നതും കേടുവന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങളെ എളുപ്പം തിരിച്ചറിയാന്‍ ഉപകരിക്കുന്ന പാക്കിങ് കവര്‍ വികസിപ്പിച്ചെടുത്ത് മലയാളി ഗവേഷകന്‍. എന്‍.ഐ.ടിയിലെ ഗവേഷകനും മടവൂര്‍ മുക്ക് സ്വദേശിയുമായ ഡോ. പി.കെ. മുഹമ്മദ് അദ്‌നാനാണ് നേട്ടത്തിന്റെ ഉടമ.


പ്രകൃതിജന്യ പോളിമറായ ജലാറ്റിനും സിന്തറ്റിക് പോളിമറായ പോളിവില്‍ പയററോലിഡോണും ചേര്‍ത്താണ് ഫിലിം നിര്‍മ്മിക്കുന്നത്. ഇത്തരം കവറുകളിലേക്കുമാറ്റിയ ഭക്ഷണം കേടുവന്നാല്‍ ഉപയോഗിച്ച കവറിന് എളുപ്പം നിറം മാറ്റം സംഭവിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ നോണ്‍ വെജ് ഇനങ്ങളില്‍ ഇത് വളരെ പെട്ടെന്ന് പ്രകടമാവുകയും ചെയ്യും. കൂടാതെ ഭക്ഷണത്തിലോ പച്ചക്കറികളിലോ മത്സ്യ-മാംസാദികളിലോ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റിന്റെ സാന്നിധ്യവും വ്യക്തമായ കളര്‍ മാറ്റത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഭക്ഷണത്തിന് ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ്, ഈര്‍പ്പം ആഗിരണം ചെയ്യല്‍, യു.വി റേഡിയേഷന്‍ തടയല്‍, ഭക്ഷണ സുരക്ഷ കാലാവധിയിലെ മെച്ചം തുടങ്ങിയ ഗുണങ്ങളും പുതിയ ഫിലിം വാഗ്ദാനം ചെയ്യുന്നു.


പേരാമ്പ്ര സി.കെ.ജി ഗവ. കോളജിലെ അസി. പ്രഫസറായ മുഹമ്മദ് അദ്‌നാന്‍ മടവൂര്‍ മുക്ക് പുള്ളക്കോട്ട് കണ്ടി പി.കെ. അബ്ദുറഹ്മാന്‍ ഹാജിയുടെയും പരേതയായ സക്കീനയുടെയും മകനാണ്. ഭാര്യ: ഡോ. ഫസ്‌ന ഫെബിന്‍. മക്കള്‍: ഇസ്സ അദ്‌നാന്‍, ആഇശ അദ്‌നാന്‍.