എ‍ഡിജിപി തെറിച്ചു; എം.ആർ.അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് നീക്കി :-

           

തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. ഇതു സംബന്ധിച്ച തീരുമാനത്തിനായി മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് ഇന്നലെയാണ് കൈമാറിയത്. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കം റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ആർഎസ്എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുളള എഡിജിപിയുടെ വിശദീകരണം ഡിജിപി തളളിയിരുന്നു.


പി.വി. അൻവർ ആരോപിച്ച റിദാൻ, മാമി കേസുകളിൽ പൊലീസിന് അന്വേഷണ വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. റിദാൻ കേസിന്റെ അന്തിമ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും മാമി തിരോധാന കേസിലെ ആദ്യ ഘട്ടത്തിൽ അന്വേഷണ വീഴ്ചയുണ്ടായെന്നുമാണ് റിപ്പോർട്ടിലുളളത്. 


എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കിൽ അന്വേഷണ റിപ്പോർട്ട് വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുപ്പത്തിരണ്ടാം ദിവസമാണ് നടപടി

.