101-ാം പിറന്നാളിന്റെ നിറവിൽ വി എസ് അച്ചുതാനന്ദൻ :-


     20-10 -2024    

                                                                                        

 തിരുവനന്തപുരം  രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഞായാറാഴ്ച 101-ാം പിറന്നാള്‍. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്.


പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച്ച ഭാര്യ വസുമതിയുടേയും അരുണ്‍ കുമാറിന്റേയും നേതൃത്വത്തില്‍ കേക്കുമുറിക്കും. മകള്‍ ആശയും കുടുംബവുമെത്തും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശക വിലക്കുണ്ട്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേരാന്‍ വിഎസിന്റെ വീട്ടിലെത്തുന്നുണ്ട്.


മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തില്‍ വിഎസ് വഹിച്ചത്. നാല് വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതമാണ് വിഎസിനെ വിശ്രമജീവിതം നയിക്കാന്‍ നിര്‍ബന്ധിതനാക്കിയത്.