കോഴിക്കോട് എലത്തൂർ കാട്ടിലപീടികയിൽ മുളകു പൊടി വിതറി, ഡ്രൈവറെ കെട്ടിയിട്ടു; എടിഎമ്മിലേക്ക് കൊണ്ടു പോയ 25 ലക്ഷം കവർന്നതായി പരാതി:-

    

 20-10 -2024                             

                                                                                        


ആക്രമിച്ചത് യുവതിയടങ്ങുന്ന സംഘമെന്ന് ഡ്രൈവർ, പൊലീസ് അന്വേഷണം തുടങ്ങി,

കോഴിക്കോട്: എടിഎമ്മിൽ നിറയ്ക്കാനായി കാറിൽ കൊണ്ടു പോയ 25 ലക്ഷം രൂപ കവർന്നതായി പരാതി. മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് പണം കവർന്നതായാണ് പരാതി. എലത്തൂർ കാട്ടിലപീടികയിലാണ് അക്രമം. പയ്യോളി സ്വദേശി സുഹൈലിനെയാണ് ആക്രമിച്ച് പണം കവർന്നത്.


യുവതിയടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സുഹൈൽ പൊലീസിനോടു പറഞ്ഞു. കാറിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് സുഹൈലിനെ കണ്ടെത്തിയത്. ഇയാളുടെ മുഖത്തും ദേഹത്തും മുളകുപൊടി വിതറിയ നില‍യിലായിരുന്നു.

കൈയിലുണ്ടായിരുന്ന 25 ലക്ഷം രൂപ സംഘം തട്ടിയെടുത്തെന്നു സുഹൈൽ പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് സുഹൈൽ പറയുന്നത്.


സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനായി കൊണ്ടു പോയ പണമാണ് കവർന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു