ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു :-


 ;17-03-2025 


 കൊച്ചി: മലയാളം ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് 5 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തില്‍ ജനിച്ച ഗോപാലകൃഷ്ണന്‍ എറണാകുളത്തെ വൈറ്റിലക്ക് അടുത്ത തൈക്കൂടത്തായിരുന്നു താമസം.200 ചിത്രങ്ങളിലായി 700-ൽ പരം ​ഗാനങ്ങൾ രചിച്ചു.1971ല്‍ പുറത്തിറങ്ങിയ വിമോചനസമരം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യ സിനിമാഗാനം രചിച്ചത്. 1975ല്‍ പുറത്തിറങ്ങിയ അയലത്തെ സുന്ദരി എന്ന സിനിമയിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍...' എന്ന ഗാനം വന്‍ ഹിറ്റായി. പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ബാഹുബലി ഉള്‍പ്പെടെ 200 ചിത്രങ്ങളില്‍ അദ്ദേഹം സഹകരിച്ചു.