സംസ്ഥാനം സർവ മേഖലകളിലും വികസന മാതൃകകൾ സൃഷ്ടിക്കുന്നു- (മന്ത്രി എ കെ ശശീന്ദ്രൻ) :-
പി സി പാലം :-അടുക്കൻമല പട്ടികജാതി നഗറിൽ വിവിധ വികസന പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ,
സംസ്ഥാനം എല്ലാ മേഖലകളിലും വികസന മാതൃകകൾ സൃഷ്ടിക്കുകയാണെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാക്കൂർ ഗ്രാമപഞ്ചായത്തിലെ അടുക്കൻമല പട്ടികജാതി നഗറിൽ വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നഗറിലെ ജനങ്ങൾക്കുള്ള വിഷുക്കൈനീട്ടമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾ ഏറ്റവും താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ഗ്രാമ വികസന സമീപനത്തിലൂടെ ജനങ്ങളെ ഒരേ തരത്തിൽ വളർത്തിക്കൊണ്ടു വരിക എന്ന വികസനമാണ് സർക്കാറിന്റെതെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിന്റെ 2021- 22 വർഷത്തെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് അടുക്കൻമല പട്ടികജാതി ഗ്രാമത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുക.
അടുക്കൻമല കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ മണങ്ങാട്ട്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി പി അബ്ദുൽ ഗഫൂർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ മോഹനൻ, എസ് വി ജ്യോത്സ്ന, ചേളന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ വി ബിന്ദു, മോണിറ്ററിങ് കമ്മിറ്റി അംഗം എം കെ സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.



0 അഭിപ്രായങ്ങള്