കോഴിക്കോട്ടെ  എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ. :-


 06.05.2025


കോഴിക്കോട്: - മയക്കുമരുന്ന് വേട്ടയില്‍ പെണ്‍കുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ.


പുലർച്ചെ കോഴിക്കോട് ബീച്ച്‌ റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി നാലംഗസംഘം പിടിയിലായത്.


കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) , കണ്ണൂർ സ്വദേശികളായ പി. അമർ (32), എം.കെ. വൈഷ്ണവി (27), തലശ്ശേരി സ്വദേശിനി വി.കെ. ആതിര (30) എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.


പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 27 ഗ്രാം എം.ഡി.എം.എയുമായി യുവതികള്‍ അടക്കം നാലുപേർ പിടിയിലായത്. കണ്ണൂരില്‍നിന്നും കാറില്‍ എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന സംഘത്തെ, കോഴിക്കോട് ബീച്ചില്‍വച്ച്‌ ആന്റിനർക്കോട്ടിക് സംഘവും ടൗണ്‍ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.


പ്രതികള്‍ കണ്ണൂരില്‍നിന്ന് കാറില്‍ കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു. സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും കൂടെകൂട്ടിയാണ് ഇവർ കച്ചവടം നടത്തുന്നത്.


സംഘത്തിലെ പ്രധാനിയായ അമർമ്ബ് ജില്ലയിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളില്‍ മാനേജരായി ജോലി ചെയ്തിരുന്നു. ഒരുമാസം മുമ്പ് ജോലി ഉപേക്ഷിച്ച്‌ പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞു.


പിടിയിലായ ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ഇവന്റ് മാനേജ്മെന്റ് നടത്തിവരികയാണ്. വൈഷ്ണവി കണ്ണൂരിലെ പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിന് കുറ്റ്യാടിയില്‍ കോഴി കച്ചവടമാണ്. ഈ സംഘം മുമ്ബും കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംഘത്തിലെ പ്രധാനിയായ അമറിന് മറ്റു സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ട്.


കേരളത്തിലുടനീളം ലഹരി പദാർഥങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് മാത്രമായി നാലാമത്തെ കേസ് ആണ് ഈ മാസം പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് ജില്ലക്കകത്തും പുറത്തുമുള്ള വൻ മയക്കുമരുന്ന് കണ്ണികളെ കുറിച്ച്‌ വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.