വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാന്‍ ഈ മാസം 15 വരെ സമയം: -


     13-06-2025                            

                                                                                                       


തിരുവനന്തപുരം: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിന് ഈ മാസം 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം.


റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും അംഗം സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരന്‍, ആദായ നികുതിദായകന്‍, സര്‍വീസ് പെന്‍ഷണര്‍, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണല്‍സ് (ഡോക്ടര്‍, എന്‍ജിനിയര്‍, അഭിഭാഷകന്‍ തുടങ്ങിയവര്‍), കാര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂടി ഒരേക്കര്‍ സ്ഥലമുള്ളവര്‍ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാന്‍ പറ്റില്ല.


റേഷന്‍ കാര്‍ഡ് തരം മാറ്റലിന് ആവശ്യമായ രേഖകള്‍


*1. പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്*

*2. വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.*

*3. പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.*

*4. മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്*

*5. സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്.*

*6. വയസ്സ് പൂർത്തിയായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.*

*7. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. :-