പാർട്ടി പതാക പുതച്ച് വി എസ് വലിയ ചുടുകാട്ടിലേയ്ക്ക്; പോരാട്ട ഭൂമിയിൽ ഇനി നിത്യനിദ്ര :-


23-07-2025


ആലപ്പുഴ: വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നും വലിയ ചുടുകാട് ശ്മശാനത്തിലേക്ക് - പെയ്തൊഴിയാത്ത മഴയിലും മുദ്രാവാക്യങ്ങൾ ഇടമുറിയാതെ വിളിച്ച് കണ്ണീരോടെ ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. കണ്ണേ കരളേ വിഎസ്സേ , ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി പതാക പുതപ്പിച്ച ശേഷമാണ് വി എസിനെ വലിയ ചുടുകാട്ടിലേക്ക് എടുത്തത്.

പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അടക്കം അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെയും ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് കേരളം യാത്രാമൊഴി നൽകിയത്.