ഗോവിന്ദച്ചാമി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്


; രണ്ടാഴ്ച്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു :-


 25.07.2025`



കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ജയിൽ ചാടിയ കുറ്റത്തിനാണ് ഈ നടപടി.പിന്നീട് ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയിൽ മേധാവി തീരുമാനമെടുക്കും. ഗോവിന്ദച്ചാമിയുമായി നടത്തിയ തെളിവെടുപ്പുകൾ പൂർത്തിയായി.പുലർച്ചെ 1:15-ഓടെ സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീൻ ബ്ലോക്കിലൂടെ മതിലിനടുത്തെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. രക്ഷപ്പെടാനായി ഉപയോഗിച്ച വടം ജയിലിൽ നിന്ന് മോചിതരായവരുടെ തുണികൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഗോവിന്ദച്ചാമി മൊഴി നൽകി.ഹാക്സോ ബ്ലേഡ് മറ്റൊരു തടവുകാരനിൽ നിന്ന് ലഭിച്ചതാണെന്നും ഇയാൾ പറഞ്ഞു.ഈ വടം ഉപയോഗിച്ച് മതിലിന് മുകളിലെ ഫെൻസിങ്ങിൽ കുരുക്കിട്ട് പുറത്തേക്ക് ചാടുകയായിരുന്നു.പുലർച്ചെ 5:00-ഓടെയാണ് മതിലിൽ തൂങ്ങിക്കിടക്കുന്ന വടം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.സെല്ലുകൾ പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്.ജയിൽ ചാടി ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് പോലീസ് ഈ വിവരം അറിയുന്നത്.തുടർന്ന് രാവിലെ 7:00-ഓടെ പോലീസ് അന്വേഷണം ആരംഭിച്ചു.രാവിലെ 10:30-ഓടെയാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ  കിണറ്റിനുള്ളിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ പോലീസ് കണ്ടെത്തുന്നത്.രക്ഷപ്പെടാൻ സഹായിച്ചവരെക്കുറിച്ചറിയാൻ ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തുവരികയാണ്.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ അധികാരികളുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ജയിൽ മേധാവി സ്ഥിരീകരിച്ചു.ഹെഡ് വാർഡൻ ഉൾപ്പെടെ മൂന്ന് വാർഡൻമാരെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.2011 ഫെബ്രുവരി 1-ന് എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കംപാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിക്കുന്നത്.ട്രെയിനിൽ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.ഈ കേസിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു.എന്നാൽ 2016-ൽ സുപ്രീംകോടതി കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കി.എങ്കിലും ബലാത്സംഗക്കേസിൽ ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഉൾപ്പെടെയുള്ള മറ്റ് ശിക്ഷകൾ നിലനിർത്തി.