കോഴിക്കോട്: ടെലിഗ്രാം ആപ്പ് വഴി പാര്‍ട്ട്‌ടൈം ജോലിക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫേക്ക് വെബ്ബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ടെലിഗ്രാം അക്കൗണ്ടുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഡെയിലി ടാസ്‌ക്  ചെയ്യുന്നതിനായി പല തവണകളായി 32 ലക്ഷത്തോളം  രൂപ നിക്ഷേപിപ്പിക്കുകയും , ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വാഗ്ദാനം ചെയ്ത തുകയോ നിക്ഷേപിച്ച തുകയോ തിരിച്ച് നല്‍കാതെ ഓണ്‍ലൈന്‍ വഴി ചതിയിലൂടെ പണം തട്ടിയ യുവാവ്  പിടിയില്‍. കോഴിക്കോട് മുട്ടാഞ്ചേരി മണ്ണാറത്ത് അബ്ദുള്‍ ഫത്താഹിനെ(21) ആണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ടെലിഗ്രാം അക്കൗണ്ടുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാങ്ക്  അക്കൗണ്ടുകളിലേക്ക് പരാതിക്കാരി  ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്ത  32 ലക്ഷത്തോളം രൂപയില്‍  നാലര ലക്ഷത്തോളം രൂപ മുംബൈയിലുള്ള ദേശസാല്‍കൃത ബാങ്കിന്റെ  അക്കൗണ്ടിലേക്ക് എത്തിയതായും , അന്ന് തന്നെ ആ തുക ഉള്‍പ്പെടെ പന്ത്രണ്ടര ലക്ഷത്തോളം രൂപ നാല് ഇടപാടുകളിലായി കുന്ദമംഗലത്തുള്ള സ്വകാര്യ മേഖല ബാങ്കിന്റെ അക്കൗണ്ടിലേക്കു വന്നതായും ,  അതേ ദിവസം തന്നെ ആ തുകയില്‍ വലിയൊരു ഭാഗം  ചെക്ക് മുഖേന പിന്‍ വലിച്ചതായും ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.  തുടര്‍ന്നാണ് അക്കൗണ്ടിന്റെ ഉടമയായ അബ്ദുള്‍ ഫത്താഹിനെ  സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ പവിത്രന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസി കമ്മിഷണര്‍ ജി. ബാലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് ചാലിക്കര, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷമാന അഹമ്മദ്, ടി.സനില്‍ ,വി.ബിജു, പി.അഖിലേഷ്,    സിവില്‍ പോലീസ് ഓഫീസര്‍ ഡ്രൈവര്‍ മുജീബ് റഹ്‌മാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

അക്കൗണ്ടില്‍ നിന്നും പിന്‍ വലിച്ച പണം ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചതായാണ് സംശയിക്കുന്നത്. എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ തട്ടിപ്പു കേസില്‍   അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് . കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 95 ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരു കേസിലും ഇയാള്‍  ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.  സൈബര്‍ തട്ടിപ്പ് കേസുകള്‍ കൂടാതെ മറ്റു കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി.. സംസ്ഥാനത്തിനകത്തും പുറത്തും രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ സൈബര്‍ തട്ടിപ്പ് കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളത് പരിശോധിച്ചു വരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സൈബര്‍ തട്ടിപ്പുകളിലൂടെ എത്തുന്ന പണം തട്ടിപ്പുകാര്‍ക്ക്  സഹായകരമായ രീതിയില്‍ ചെക്ക് വഴിയും എ.ടി.എം. വഴിയും പിന്‍വലിച്ചു  കൊടുക്കുന്ന വലിയ സംഘത്തില്‍  വിദ്യാര്‍ഥികളും , യുവാക്കളും  ഉള്‍പ്പെടുന്നതായി കോഴിക്കോട് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സി.ജെഎം കോടതി മുന്‍പാകെ ഹാജരാക്കിയ ഫത്താഹിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .

ഒരു ടെലിഗ്രാം അക്കൗണ്ടില്‍  നിന്നു പാര്‍ട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട സന്ദേശത്തിന് അനുകൂലമായി പ്രതികരിച്ച പരാതിക്കാരി, അക്കൗണ്ടില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും അത് പ്രകാരം  ഒരു  ടെലിഗ്രാം ഗ്രൂപ്പിലേക്ക് മെമ്പര്‍ ആയി ചേര്‍ക്കപ്പെടുകയും ചെയ്തു. ധാരാളം  അംഗങ്ങള്‍ ഉണ്ടായിരുന്ന ഗ്രൂപ്പില്‍ പല മെമ്പര്‍മാരും പണം നിക്ഷേപിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും , പണം തിരികെ ലഭിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചതില്‍ ആകൃഷ്ടയായ

പരാതിക്കാരി ടെലിഗ്രാം  ഗ്രൂപ്പിലൂടെയും, ബന്ധപ്പെട്ട ടെലിഗ്രാം അക്കൗണ്ടുകളിലൂടെയും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പണം നിക്ഷേപിക്കുകയായിരുന്നു.. ആദ്യം 10,000/ രൂപ നിക്ഷേപിച്ചപ്പോള്‍ 13,380 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയി. ഇതില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടും ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ കൂടുതല്‍ ലാഭം ലഭിക്കും എന്നും, നിശ്ചിത ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ എന്നും ടെലിഗ്രാം മെസ്സേജ് വഴി പരാതിക്കാരിയെ വിശ്വസിപ്പിച്ചിരുന്നതു കൊണ്ടും കൂടുതല്‍ തുകകള്‍ പലപ്പോഴായി അയച്ചു കൊടുക്കുകയും ചെയ്തു.  നിര്‍ദ്ദേശപ്രകാരമുള്ള ടാസ്‌കുകള്‍  പൂര്‍ത്തിയാക്കി, പണം തിരികെ ലഭിക്കുന്നതിന് വേണ്ടി ശ്രമിച്ചപ്പോള്‍,  നിക്ഷേപിച്ച 32 ലക്ഷത്തോളം  രൂപയുടെ 30% കൂടി വെരിഫിക്കേഷന്‍ ഫീസ് അടയ്ക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ്  ഇത് ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങള്‍ അടക്കം ചേര്‍ന്നുള്ള തട്ടിപ്പാണെന്ന് ഡോക്ടറായ പരാതിക്കാരി തിരിച്ചറിഞ്ഞത്.