അംഗൻവാടി ജീവനക്കാർക്ക്  യാത്രയയപ്പ് നൽകി -:


25- 04 - 2026


മടവൂർ: ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന മടവൂരിലെ  അംഗൻവാടി ജീവനക്കാർക്ക് സഹപ്രവർത്തകർ ഹൃദ്യമായ യാത്രയയപ്പ് നൽകി. പുള്ളിക്കോത്ത് അംഗൻവാടിയിലെ ഫാത്തിമ, ആരാമ്പ്രം ലക്ഷംവീട് അംഗൻവാടിയിലെ ശാന്ത, രാം പോയിൽ അംഗൻവാടിയിലെ സക്കീന എന്നിവർക്കാണ്  അംഗൻവാടി ജീവനക്കാരുടെ കൂട്ടായ്മ യാത്രയയപ്പ് നൽകിയത്.


ആരമ്പ്രം ജി.എം.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ ലത ഉദ്ഘാടനം ചെയ്തു. ഫെബിന അബ്ദുൽ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


കുട്ടികളുടെയും പ്രാദേശിക സമൂഹത്തിന്റെയും വികസനത്തിനായി വർഷങ്ങളോളം മാതൃകാപരമായ സേവനം അനുഷ്ഠിച്ച മൂന്നുപേർക്കും ചടങ്ങിൽ സ്നേഹാദരങ്ങൾ അർപ്പിച്ചു. പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ പൂളക്കാടി, താഹിറ ടീച്ചർ, ഹസീന ടീച്ചർ, ബുഷറ പൂളോട്ടുമ്മൽ, പത്മിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.


സുബൈദ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജിത ടീച്ചർ നന്ദി രേഖപ്പെടുത്തി. മടവൂർ പഞ്ചായത്തിലെ വിവിധ അംഗൻവാടികളിലെ ജീവനക്കാർ പരിപാടിയിൽ സംബന്ധിച്ചു.