സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു :-




ചെന്നൈ:-പ്രശസ്ത സംവിധായകന്‍ പി.ഭാരതിരാജ (85) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു,,ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.2024 മാര്‍ച്ചില്‍ മകന്‍ മനോജിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ഭാരതിരാജയുടെ ആരോഗ്യം ഗുരുതരമായിരുന്നു.മകന്റെ മരണ ശേഷം അദ്ദേഹം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ അന്ത്യം.താജ്മഹല്‍,സമുദ്രം,അല്ലി അര്‍ജുന തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ നടനായിരുന്നു മനോജ്.

1977ല്‍ റിലീസ് ആയ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജയുടെ സിനിമാ പ്രവേശം.കിഴക്കേ പോഗും റെയില്‍,സിഗപ്പ് റോജാക്കള്‍,അലൈകള്‍ ഓയ്വതില്ലൈ,മുതല്‍ മര്യാദൈ തുടങ്ങി 40 ഓളം ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.2020ല്‍ പുറത്തിറങ്ങിയ 'മീണ്ടും ഒരു മര്യാദൈ' ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.2023ല്‍ ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ 'മോഡേണ്‍ ലവ് ചെന്നൈ' എന്ന ആന്തോളജി സീരീസിലെ 'പറവൈ കൂട്ടില്‍ വാഴും മാനുകള്‍'എന്ന എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു.അഭിനേതാവ് എന്ന നിലയിലും വെള്ളിത്തിരയില്‍ സജീവ സാന്നിധ്യമാണ് ഭാരതിരാജ.ആദ്യകാലങ്ങളില്‍ തന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പില്‍ക്കാലത്ത് വളരെ ശക്തമായ സ്വഭാവ വേഷങ്ങളിലൂടെ അഭിനയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.ആയുധ എഴുത്ത്,പാണ്ഡ്യ നാട്, കുരങ്ങ് ബൊമ്മൈ, തിരുച്ചിട്രമ്പലം,മഹാരാജ,റോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.മോഹന്‍ലാല്‍ - ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'തുടരും' ആണ് അവസാനം അഭിനയിച്ച ചിത്രം.ചലച്ചിത്ര ലോകത്തെ സംഭാവനകള്‍ പരിഗണിച്ച്‌ 2004ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.