അത്താണി 20-ാം വാർഷിക സമാപന സമ്മേളനത്തിനു പ്രൗഢ തുടക്കം

നരിക്കുനി : രണ്ട് പതിറ്റാണ്ടായി അശരണർക്ക് കരുതലും സാന്ത്വനവും പകരുന്ന നരിക്കുനി അത്താണിയുടെ ഇരുപതാം വാർഷിക സമാപന സമ്മേളനത്തിനു പ്രൗഢ തുടക്കം. സ്വാഗത സംഘം ചെയർമാൻ സുലൈമാൻ കാരാടൻ പതാക ഉയർത്തി. 

അത്താണിയുടെ പ്രവർത്തനങ്ങൾക്ക് നിറഞ്ഞ പിന്തുണയുമായി വിദ്യാർഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സുപഥം നേർവഴി ഒരുക്കാൻ

നാടിനൊപ്പം വിദ്യാർഥി സംഗമം താമരശ്ശേരി ഡിഇഒ ബി.അരുൺ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ  ഡോ.യു.കെ.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.നിസാർ ചേലേരി, എസ്പിസി നോഡൽ ഓഫീസർ റഖീബ് മണിയൂർ, കൊടുവള്ളി എഇഒ എൻ.കെ.രശ്മി, താമരശേരി എഇഒ കെ.വി.പ്രമോദ്, സുപഥം ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.നിസാർ, ജാഗ്രത സമിതി ജില്ലാ കോ ഓർഡിനേറ്റർ സി.ഹബീബ് റഹ്മാൻ, ഡോ.ടി.വി.സുനിത, ഡോ.എം.പ്രബീഷ്, സി.പി.അബ്ദുൽ ഖാദർ, അഫ്സൽ മടവൂർ എന്നിവർ പ്രസംഗിച്ചു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് ലഹരി തോന്നേണ്ടത് സ്വന്തം ജീവിതത്തോടും പഠനത്തോടും  ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം പ്രസിഡൻ്റ് 

ലൈല അഷ്റഫ്, റിട്ട. നഴ്‌സ് മീനാ കുമാരി എന്നിവർ ക്ലാസ്സ് എടുത്തു. പുതിയ തലമുറ അകപ്പെട്ടു പോകുന്ന ലഹരിയുടെ ഭീകരാവസ്ഥ വ്യക്തമാക്കി ശ്രീജിത്ത് വിയ്യൂർ മാജിക്ക് ആൻഡ് മെൻ്റലിസം ഷോ അവതരിപ്പിച്ചു. 

ഗായകൻ കൊല്ലം ഷാഫി മുഖ്യാതിഥിയായി പങ്കെടുത്തു. സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. ദൈവം തന്ന അനുഗ്രഹങ്ങൾക്ക് പ്രതിഫലമായി നമുക്ക് നൽകാൻ കഴിയുന്നത് സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കുള്ള  സേവനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാർത്ഥ സേവന പ്രവർത്തനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തളരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വി.ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ഡോ.എസ്.ജയശ്രീ, നരിക്കുനി പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.ലൈല, എൻ.സി.ഗ്രൂപ്പ് ചെയർമാൻ എൻ.സി.അബൂബക്കർ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, അസീം വെളിമണ്ണ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് ഫൈസൽ പൈങ്ങോട്ടായി, നാസർ പേരോട്, ജൗഹർ പൂമംഗലം, 

പി.ഐ.വാസുദേവൻ നമ്പൂതിരി, ടി.മുഹമ്മദ് അലി, വി.പി.ഖാദർ, കെ.അബ്ദുൽ മജീദ്, ടി.സി.ഷരീഫ്, കെ.സി.സാലിഹ് എന്നിവർ പ്രസംഗിച്ചു. 

ഇന്ന് (23 വെള്ളി) രാവിലെ 10 ന് സാംസ്കാരിക സമ്മേളനം ഡോ എം .എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് വനിതാ സമ്മേളനം സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.