⬆️

ഓർമ്മയിൽ

ശങ്കരാടി


ശങ്കരാടി എന്ന അതുല്യ നടനെ മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ല. മനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങളെയാണ് ശങ്കരാടി മലയാള സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചത്. തന്റേതായ അഭിനയ ശൈലിയും ശരീര ഭാഷയും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ശങ്കരാടി വിടവാങ്ങിയിട്ട് 

ഇന്ന് 25 വര്‍ഷം.

ചരിത്രത്തിൽ കുറെയേറെ അമ്മാവന്മാരെയും കാര്യസ്ഥൻമാരെയും  ബാക്കിയാക്കി, സ്വാഭാവികാഭിനയ പ്രൗഢിയുടെ

 നന്മകൾക്ക്‌  തിരശീല വീഴ്ത്തിയാണ് ശങ്കരാടി എന്ന നടൻ കടന്നു പോയത്.

1924 ജൂലൈ 14 ന് പറവൂർ ചെറായിയിലെ ശങ്കരാടി തറവാട്ടിൽ ജനിച്ചു.


നടൻ, രാഷ്ട്രീയ നേതാവ്, പത്ര പ്രവർത്തകൻ എന്നീ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു മേമന  ചന്ദ്രശേഖര മേനോൻ എന്ന ശങ്കരാടി.

ഏറെ വൈകി 52 ആം വയസ്സിൽ  വിവാഹിതനായെങ്കിലും സന്താന ഭാഗ്യം ലഭിച്ചില്ല.

എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ഇന്റർ മീഡിയറ്റ് പാസ്സായി. ബറോഡയിൽ എൻജിനിയറിങ്ങിന് പഠിക്കവേ കമ്മ്യുണിസ്റ്റ് പാർട്ടി യുടെ സജീവ പ്രവർത്തകനായി. പാർട്ടി സമരത്തെ  തുടർന്ന് ജയിൽശിക്ഷ.  ജയിൽ മോചിതനായി അഭിനയമോഹത്താൽ ഉദയ സ്റ്റുഡിയോയിൽ എത്തി കുഞ്ചാക്കോയെ കാണാനിടയായത് ജീവിത വഴിത്തിരിവായി.  "കടലമ്മ" എന്ന ചിത്രത്തിൽ സത്യന്റെ അച്ഛനായി ഒരു മുക്കുവന്റെ വേഷത്തിൽ  അഭിനയിച്ചു. പിന്നീട് വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളെ ശങ്കരാടി വെള്ളിത്തിരയിൽ  അനശ്വരമാക്കി.

സന്ദേശം എന്ന സിനിമയിലെ താത്വികനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ വേഷം 

ഏറെ ശ്രദ്ധിക്കപ്പെട്ടു.

1969, 70, 71 വർഷങ്ങളിൽ സഹനടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.

1960 മുതല്‍ 80 വരെയുളള കാലഘട്ടങ്ങളിലെ മിക്ക സിനിമകളിലെയും നിറസാന്നിധ്യമായിരുന്ന ശങ്കരാടി. 700 ലധികം 

സിനിമകളില്‍ അഭിനയിച്ചു.  ജീവിതത്തിന്റെ വെള്ളിത്തിരയിൽ അവസാന രംഗവും ആടിതീർത്ത് അർബുദ രോഗത്തിന് കീഴടങ്ങി 

2001 ഒക്ടോബർ 9 ന്  77 ആം വയസിൽ ശങ്കരാടി യാത്രയായി.