ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നും ഇന്ധനം - ഇൻസ്പയർ അവാർഡ് നേടി നരിക്കുനി ഹൈസ്ക്കൂൾ വിദ്യാർത്ഥി


നരിക്കുനി: 2020-21 വർഷത്തെ ഇൻസ്പയർ അവാർഡിനായി നരിക്കുനി ഗവ: ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വിക്രം.സി യുടെ ആശയം തെരഞ്ഞെടുത്തു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

മാലിന്യ-സംസ്കരണവുമായി ബന്ധപ്പെട്ട് വിക്രം സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്നും കണ്ടൻസേഷൻ വഴി ക്രൂഡോയിലിന് സാദൃശ്യമുള്ള ഇന്ധനം ലഭിക്കുകയും അതിൽ നിന്ന് പെട്രോൾ, ഡീസൽ, ടാർ, ടാർപ്പെന്റയിൻ എന്നിവ വേർതിരിച്ചെടുത്ത് മലിനീകരണം കുറച്ച് വാഹനമോടിക്കാൻ കഴിയുന്ന പ്രോജക്ടാണ് തയ്യാറാക്കിയത്. 10,000 രൂപയാണ് അവാർഡ് തുക. പുന്നശ്ശേരി സ്വദേശി ചാത്തങ്ങാരി ഗോപാലകൃഷ്ണന്റെയും മഞ്ജുളയുടെയും മകനാണ് വിക്രം.