മലബാർ സ്പെഷ്യൽ പോലീസ് ശതാബ്ദിയുടെ നിറവിൽ :-


കേരള പോലീസിൻ്റെ   അർദ്ധസൈനിക വിഭാഗമാണ്‌ മലബാർ സ്പെഷ്യൽ പോലീസ് (MSP). ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽ മലപ്പുറം സ്പെഷ്യൽ പോലീസ്‌ സ്ഥാപിതമായി. പിന്നീട്‌ 1921-ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്പെഷ്യൽ പോലീസ്‌, പുന:സംഘടിപ്പിക്കുകയും മലബാർ സ്പെഷ്യൽ പോലീസ്‌ (MSP) എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 1921 സെപ്റ്റംബർ 30-ന് 6 ബ്രിട്ടീഷ് ഓഫീസർമാർ,  8 സുബേദാർമാർ , 16 ജമേദാർ, 60 ഹവില്ദാർ, 600 കോൺസ്റ്റബിള്മാർ ഉൾപ്പെടെയുള്ള  അംഗബലവുമായി മലബാർ സ്പെഷ്യൽ പൊലീസ് നിലവിൽ വന്നു. 1932-ൽ സേനയുടെ അംഗബലം 16 കമ്പനി ആയി ഉയർത്തി. അന്നത്തെക്കാലത്ത് സംസ്ഥാനത്തിന് പുറത്തും MSP യുടെ ഗറില്ലാ യുദ്ധമികവ് പേരുകേട്ടതായിരുന്നു. എം.എസ്‌.പി.യുടെ ആദ്യത്തെ കമാന്റന്റ് റിച്ചാദഡ് ഹോവദഡ് ഹിച്ച്‌കോക്ക് ആയിരുന്നു. 


സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷ്‌ സർക്കാർ ആരംഭിച്ച ഈ സേന സ്വാതന്ത്ര്യലബ്ദിക്കു ശേഷം സേവനത്തിന്റെയും സംരക്ഷണത്തിന്റെയും പുതിയ പന്ഥാവിലേക്ക്‌ തിരിഞ്ഞു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആറു കമ്പനികൾ ഇവിടെ നിലനിറുത്തുകയും 6 കമ്പനികൾ ഉൾപ്പെട്ട മദ്രാസ്‌ ആസ്ഥാനമായ എം.എസ്സ്‌.പി യുടെ 2 ആം ബറ്റാലിയൻ തമിഴ്‌നാട്‌ പോലീസിന്റെ ഭാഗമായി. വിമോചന സമരകാലത്ത് 3 കമ്പനി പോലീസ് കൂടെ ചേർക്കപ്പെട്ടു.  സൈന്യത്തോടൊപ്പം അതിർത്തിയിലും 60-കളിൽ നാഗാലാന്റിലും എം.എസ്‌.പി. സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.


കേരളം പോലീസിൻ്റെ  അഭിമാന സേനാവിഭാഗമായ മലബാർ സ്പെഷ്യൽ പോലീസ് നൂറ്  സംവത്സരങ്ങൾ  പിന്നിടുകയാണ്. ശതാബ്‌ദി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം 2021 ജനുവരി 26 

വൈകിട്ട് 7ന്  ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കുമെന്ന് കേരള പോലീസ് ഫേസ്ബുക് പേജിലൂടെ അറിയിച്ചു. ചടങ്ങുകൾ തത്സമയം കേരള പോലീസ് ഫേസ്ബുക് പേജിൽ കാണാവുന്നതാണ്.