ചേളന്നൂർ/ എലത്തൂർ മണ്ഡലത്തിൽ യുഡിഎഫ് സീറ്റ് മാണി സി കാപ്പൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർടിക്ക് നൽകിയതിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരിലും നേതാക്കളിലും വൻ പ്രതിഷേധം.ചേളന്നൂരിൽ സ്ത്രീകളടക്കം നൂറുകണക്കിനു പ്രവർത്തകരും നേതാക്കളും പഞ്ചായത്ത് ഭരണസമിതിയിലെ വനിതാ അംഗങ്ങളടക്കം തെരുവിലിറങ്ങി നേതൃത്വത്തിനെതിരെ പ്രതിഷേധം പ്രകടനം നടത്തി.ചേളന്നൂരിൽ ഞായറാഴ്ച സംഘടിപ്പിച്ച എലത്തൂർ മണ്ഡലം നേതൃസമിതി യോഗത്തിൽ പങ്കെടുക്കാൻ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവർത്തകരുടെ വൻ പ്രതിഷേധത്തെ ഭയന്ന് എത്തിയില്ല. വന്നാൽ തടയാനുള്ള നീക്കവും ഉണ്ടായിരുന്നു.    ഇതിനിടെ നേതൃത്വത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 8 മണ്ഡലം കമ്മറ്റിയും, 2 ബ്ലോക്ക് പ്രസിഡൻ്റുമാരും, ഡിസിസി വൈസ് പ്രസിഡൻ്റും, സെക്രട്ടറിയും, കെ പി സി സി അംഗവും രാജിവെക്കാൻ തീരുമാനിച്ചു.സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ റബൽ സ്ഥാനാർത്ഥിയെ നിർത്താനും ആലോചനയുണ്ട്. മണ്ഡലത്തിൽ കാപ്പൻ്റെ എൻസികെ ക്ക് വിരലിലെണ്ണാവുന്ന പ്രവർത്തകർ പോലുമില്ലന്നാണ് പ്രതിഷേധക്കാർ പറയുന്നത്. കൈപ്പത്തി ചിഹ്നത്തിൽ വോട്ടു ചെയ്യാനുള്ള അവസരം ഉണ്ടാക്കണം. കോൺഗ്രസിനെ മണ്ഡലത്തിൽ ക്ഷയിപ്പിക്കുന്ന തരത്തിലുള്ള നേതൃത്വത്തിൻ്റെ തീരുമാനം പുന:പരിശോധിക്കണമെന്നും ഇല്ലങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

പടം / എലത്തൂർ മണ്ഡലത്തിൽ യുഡിഎഫ് സീറ്റ് എൻസി കെക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചേളന്നൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം.