ചരിത്ര നിയോഗം കേരളം കണ്‍കുളിര്‍ക്കേ കണ്ടു; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
(202l മെയ് 20)
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാഷ്ട്രീയ കേരളം ആ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. പിണറായി വിജയന്റെ അജയ്യനേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഒരിക്കൽ കൂടി അധികാരത്തിൽ. യു.ഡി.എഫിനെ തകർത്തെറിഞ്ഞ്, ബി.ജെ.പിയെ നിലം പരിശാക്കി പുതു ചരിത്രമെഴുതി ക്യാപ്റ്റനും ടീമും അടുത്ത അഞ്ചു വർഷംകൂടി കേരളം ഭരിക്കും.
ഇന്ന് വൈകീട്ട് 3.35-ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. ശേഷം നിയുക്തമന്ത്രിമാർ പേരിലെ അക്ഷര മാലാക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനും കെ. രാജനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ ,റോഷി അഗസ്റ്റിനും ,കെ. കൃഷ്ണൻകുട്ടിയും, അഹമ്മദ് ദേവർകോവിലും, ദൈവനാമത്തിൽ സത്യവാചകം ചൊല്ലി.
ചരിത്രവിജയം സമ്മാനിച്ചവർക്ക് കോവിഡിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാനായില്ല. വീടകങ്ങളിലെ ടെലിവിഷനുകളിലും, ഫോൺ സ്ക്രീനുകളിലും ' കേരള ജനത ചരിത്രമുഹൂർത്തം വീക്ഷിച്ചു. 'ഈ മഹാമാരി മാറും. അന്ന് നമ്മൾ ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാർമേഘമെല്ലാം, അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലർച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങൾ.' മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ വാക്കുകൾ സത്യമായി പുലരുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവർത്തകർ.


0 അഭിപ്രായങ്ങള്‍