വിദ്യാശ്രീ ലാപ്ടോപ് വരുന്നു, അടുത്ത മാസത്തോടെ :-

        O5.06.2021

തിരുവനന്തപുരം:

കോവിഡ് രണ്ടാംതരംഗത്തിനിടെ ഓണ്‍ലൈന്‍ സ്കൂള്‍ പഠനം ആരംഭിച്ചതോടെ ‘കെ എസ്‌ എഫ്‌ ഇ വിദ്യാശ്രീ ’ ലാപ്ടോപ് വിതരണം വേഗത്തിലെത്തിക്കും. എച്ച്‌ടി, ലെനോവ കമ്പനികളുടെ ലാപ്ടോപ്പുകളെത്തിയാല്‍ ജൂലൈയോടെ എല്ലാ അപേക്ഷകര്‍ക്കും നല്‍കും. വിദേശത്തുനിന്നുള്ള ഘടകവസ്തുക്കള്‍ നിര്‍മാണത്തിന് ആവശ്യമാണെന്നതിനാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തടസ്സമായെന്ന് കെഎസ്‌എഫ്‌ഇ അധികൃതര്‍ പറഞ്ഞു.


4199 ലാപ്ടോപ് കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളില്‍ എത്തിച്ചിട്ടുണ്ടെങ്കിലും അപേക്ഷകര്‍ക്ക് എത്തിച്ചേരാനാകുന്നില്ല. മൂന്നു ദിവസമേ ബ്രാഞ്ചുകള്‍ തുറക്കുന്നുമുള്ളൂ. കരാര്‍പോലും വയ്ക്കാതെ അപേക്ഷകര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ് ബ്രാഞ്ചുകള്‍.


ബസ് ഓടിത്തുടങ്ങിയാല്‍ അപേക്ഷകരെത്തുമെന്നാണ് പ്രതീക്ഷ. ആകെ 54,000 അപേക്ഷകരുണ്ട്. പ്രതിമാസം 500 രൂപ അടവ് വരുന്ന കെഎസ്‌എഫ്‌ഇ സമ്പാദ്യപദ്ധതിയില്‍ മൂന്നുമാസം മുടങ്ങാതെ തവണ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി.


കെഎസ്‌എഫ്‌ഇ, കുടുംബശ്രീ, ഐടിവകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2020 ജൂണില്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും മാര്‍ച്ചിലാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കമ്പനികള്‍ നാല് മാസം സമയം ചോദിച്ചിരുന്നു. മാര്‍ക്കറ്റില്‍ ലഭ്യമായവയല്ല, വിദ്യാഭ്യാസാവശ്യത്തിനുമാത്രം ഉതകുന്ന ലാപ്ടോപ്പുകള്‍ പ്രത്യേകം നിര്‍മിച്ച്‌ നല്‍കുകയാണ്. എയ്സര്‍, കൊക്കോനിക്സ് കമ്പനികളുടെ ലാപ്ടോപ്പുകളാണ് വിതരണത്തിനെത്തിച്ചത്. 200 എണ്ണം ഉദ്ഘാടന ദിവസം വിതരണം ചെയ്തിരുന്നു.