കെ സുരേന്ദ്രൻ ദേശീയ പതാക തലകീഴായി ഉയര്‍ത്തി; അമളി പറ്റി തിരിച്ചിറക്കി, കയര്‍ കുരുങ്ങിയെന്ന് വിശദീകരണവും:
15.08.2021
തലകീഴായി ദേശീയ പതാക ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരുവനന്തപുരത്തെ ബി ജെ പി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.
രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്താനെത്തിയതാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി. എന്നാല്‍ പതാക ഉയര്‍ത്തിയതിന് വിശദീകരണവുമായി ബി ജെ പി രംഗത്തെത്തി.
പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം.
ദേശീയ പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം താഴെ വരുന്ന രീതിയിലാണ്സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി പൂക്കളും വീണ ശേഷമാണ് അമളി മനസിലാക്കി തിരിച്ചിറക്കുന്നത്. ചടങ്ങില്‍ മുന്‍ എം.എല്‍.എ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.


0 അഭിപ്രായങ്ങള്‍