മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു:-                                         

     13•Oct•2021


കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86)  അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. 

മാപ്പിളപ്പാട്ടിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്.


വടക്കുങ്ങര മുഹമ്മദ്‌ കുട്ടി എന്ന വി എം കുട്ടി പ്രശസ്തനായ മാപ്പിള പാട്ടുകാരനും, ഈ വിഷയത്തിലുള്ള അനേകം പുസ്തകങ്ങളുടെ രചയിതാവുമാണ്. 1935 ഏപ്രില്‍ മാസം 16 ന്  മലപ്പുറം ജില്ലയിലെ പുളിക്കലില്‍ ജനനം. ചെറുപ്പത്തിൽ നന്നായി പാടുകയും ,ചിത്രം വരക്കുകയും ചെയ്തിരുന്ന അദ്ദേഹം, നാടൻ പാട്ടുകളും, വടക്കൻ പാട്ടുകളുമാണ് ആദ്യം പാടി തുടങ്ങിയത്. ഏഴാം വയസ്സില്‍ മാപ്പിള ഗാനങ്ങള്‍ ആലപിച്ചു തുടങ്ങി. അമ്മായിയായ ഫാത്തിമ കുട്ടി പാണ്ടികശാല ആണ് മാപ്പിളപ്പാട്ടുകളില്‍ വി എം കുട്ടിയുടെ ഗുരു. എൽ പി സ്കൂൾ വിദ്യാഭ്യാസം പുളിക്കൽ സ്കൂളിലും, ആറാം തരം മുതൽ എട്ടാം തരം വരെ കൊണ്ടോട്ടി യു പി സ്കൂളിലും പിന്നീട് ഫറോക്ക് ഹൈസ്കൂളിലുമായിട്ടാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ആ സമയത്ത് കൂടുതൽ നാടൻ പാട്ടുകളും, മാപ്പിളപ്പാട്ടുകളും കേൾക്കുവാനും, പഠിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഹൈസ്കൂൾ വിദ്യാഭ്യാസ സമയത്താണ് ആദ്യമായി അദ്ദേഹം ഒരു വേദിയിൽ പാടി തുടങ്ങുന്നത്.