ചിക്കൻ റോൾ കഴിച്ച 50 പേർ ചികിത്സയിൽ ,രണ്ടര വയസുകാരൻ മരിച്ചു :-


 13.11.2021-


നരിക്കുനി: -നരിക്കുനി  ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വീര്യമ്പ്രത്ത് വിവാഹവീട്ടിലെ ഭക്ഷണം  കഴിച്ച് അവശനിലയിലായ കുട്ടികളിൽ ഒരാൾ മരിച്ചു. നരിക്കുനി വീര്യമ്പ്രം ചെങ്ങളംകണ്ടി അക്ബറിന്‍റെയും സനയുടെയും മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. രണ്ടര വയസ്സായിരുന്നു..  വ്യാഴാഴ്ച വൈകിട്ട് ഇവര്‍ വിവാഹ വീട്ടില്‍ വെച്ച് ഭക്ഷണം കഴിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് മുഹമ്മദ് യാമിന് ശര്‍ദ്ധിയും, വയറിളക്കവും അനുഭവപ്പെട്ടത്. ആദ്യം എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് താമരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും , കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് യാമിന്‍ മരിച്ചത്. വീരമ്പ്രം സ്വദേശി അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസലായി കൊണ്ടു വന്നിരുന്നു. ഈ ഭക്ഷണം കഴിച്ചാണ് അക്ബറിൻ്റെ മകൻ മുഹമ്മദ് യാമിന് ആരോഗ്യപ്രശ്നങ്ങളുണ്ടായതും ,ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. യാമിനെ കൂടാതെ മറ്റു വീടുകളിലുള്ള ആറ് കുട്ടികൾക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവരെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  മറ്റുള്ളവർ താമരശ്ശേരി ,എളേറ്റിൽ വട്ടോളി ,നരിക്കുനി ആശുപത്രികളിൽ ചികിത്സ തേടിയിരിക്കയാണ് ,ആകെ 11 കുട്ടികളെയാണ് ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് പേർ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.  ചിക്കൻ കൊണ്ടുള്ള ചിക്കൻ റോൾ എന്ന വിഭവം കഴിച്ച കുട്ടികളിലാണ് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  സഹോദരി :- ഫാത്തിമ ,