കൗമാരക്കാരിലെ വാക്സിനേഷന്‍; രജിസ്ട്രേഷന്‍ ജനുവരി ഒന്നുമുതല്‍


 27.12.2021


കൗമാരക്കാരിലെ വാക്സിനേഷന്‍റെ  രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ. പതിനഞ്ചിനും, പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ  രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് കൊവിൻ ആപ്പ് തലവൻ ആർ എസ് ശർമ്മ വ്യക്തമാക്കി. കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് കൊവാക്സിൻ ആകുമെന്നാണ് സൂചന. നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു.


ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കരുതൽ ഡോസിന്‍റെ ഇടവേള ഒന്‍പത് മാസമാക്കി നിശ്ചയിച്ചു. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസിന് അർഹരായവരുടെ വിവരങ്ങളും കൊവിൻ ആപ്പിൽ അപ്ഡേറ്റാകും. ബൂസ്റ്റർ ഡോസിന് വ്യത്യസ്ത വാക്സീൻ നൽകുമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ മുൻകരുതൽ ഡോസായി ആദ്യ രണ്ട് ഡോസിൽ സ്വീകരിച്ച അതേ വാക്സിൻ തന്നെ നൽകാനാണ് നിലവിൽ കേന്ദ്രത്തിന്‍റെ നീക്കം. ഇപ്പോൾ നൽകുന്നത് ബൂസ്റ്റർ ഡോസ് അല്ല കരുതൽ ഡോസാണെന്നതാണ് തീരുമാനത്തിന് കേന്ദ്രം നൽകുന്ന വിശദീകരണം. ഇതിനിടെ രാജ്യത്ത് ഒമക്രോൺ വ്യാപനം കൂടി. 578 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ദില്ലിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്.