ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ എ പ്ലസ് കിട്ടില്ല, ചോദ്യ ഘടനയില്‍ പുതിയ കുരുക്ക് :-


:22.01.2022


തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു  വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി ചോദ്യഘടനയില്‍ പുതിയ കുരുക്ക്.നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് ചോയ്സ് വെട്ടി കുറച്ചതാണ് പുതിയ പ്രശ്‍നം. ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യം കുറച്ചതിന് പിന്നാലെ ഉള്ള പുതിയ നീക്കം വഴി മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ പാടു പെടേണ്ടി വരും.

വിവിധ പാര്‍ട്ടുകളായുള്ള ചോദ്യ പേപ്പറില്‍ തന്നെ എ, ബി എന്നിങ്ങിനെ ഉപവിഭാഗങ്ങള്‍ ഉണ്ട്. പാര്‍ട്ട് ഒന്നില്‍ എ വിഭാഗം ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും, പാര്‍ട്ട് ബി ഫോകസ് ഏരിയക്ക് പുറത്തെ ചോദ്യങ്ങളുമാണ്. എ പാര്‍ട്ടില്‍ 6 ചോദ്യങ്ങളില്‍ നാലെണ്ണത്തിനുള്ള ഉത്തരമെഴുതിയാല്‍ മതി. അങ്ങനെ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള ചോയ്സുണ്ട്. എന്നാല്‍ ബി വിഭാഗം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ള നാല് ചോദ്യങ്ങള്‍ക്ക് ചോയ്സ് ഒന്നും ഇല്ല. അതായത് ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ അതിന്റെ മാര്‍ക്ക് പോകും. പാര്‍ട്ട് രണ്ടിലെ നോണ്‍ ഫോക്കസ് ഏരിയയില്‍ മൂന്നു ചോദ്യങ്ങളില്‍ രണ്ടെണ്ണം എഴുതണം. പാര്‍ട്ട് രണ്ടിലെയും ഫോക്കസ് ഏരിയയില്‍ ചോദ്യങ്ങള്‍ക്ക് ചോയ്സ് ഉണ്ട്.

കൂടുതല്‍ ചോയ്സ് നല്‍കേണ്ടിയിരുന്നത് നോണ്‍ ഫോകസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഈ ഘടന വഴി എ ഗ്രേഡും ,എ പ്ലസും നേടാന്‍ കുട്ടികള്‍ വല്ലാതെ ബുദ്ധിമുട്ടും. ഫോക്കസ് ഏരിയക്ക് പുറത്തു കൂടുതല്‍ ഉത്തരങ്ങള്‍ക്ക് ചോയ്സ് നല്‍കുന്നതില്‍ ശാസ്ത്രീയ പ്രശ്‍നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം. മാര്‍ക്ക് വല്ലാതെ കുറഞ്ഞാല്‍ അപ്പോള്‍ ബദല്‍ മാര്‍ഗം ആലോചിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ പോലെ ഇഷ്ടം പോലെ എ പ്ലസ് വേണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ചോദ്യ ഘടന കടുപ്പിക്കുന്നത്.