ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


*ഭാരതത്തിന് എക്കാലത്തും തെറ്റുകളെയും അന്ധവിശ്വാസങ്ങളെയും അതിജീവിക്കാനുള്ള ജന്മസിദ്ധമായ കഴിവുണ്ട്; മഹാത്മാഗാന്ധി*

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷിത്വ ദിനം. സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്.


സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ പോലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു അദ്ദേഹം. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു.


സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ, ഉപവാസങ്ങളിലൂടേയും, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടേയും ഗാന്ധിജി മുട്ടുകുത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനം എന്ന ആഹ്വാനം ചെവിക്കൊണ്ട് പതിനായിരങ്ങളാണ് പഠനവും, ജോലിയും ഉപേക്ഷിച്ച് തെരുവിലിറങ്ങിയത്. ഉപ്പ് സത്യാഗ്രത്തിലൂടേയും, ക്വിറ്റ് ഇന്ത്യാ സമരത്തിലൂടേയും ഗാന്ധിജി ഒരു രാജ്യത്തിനു തന്നെ മാര്‍ഗ ദീപമായി നിലക്കൊണ്ടു. തന്റെ ജീവിതകാലം മുഴുവന്‍ ഹൈന്ദവ തത്വങ്ങള്‍ പിന്തുടര്‍ന്ന ബാപ്പുജി, രാമരാജ്യമായിരുന്നു സ്വപ്നം കണ്ടത്


*മഹാത്മാഗാന്ധി എഴുതിയതിങ്ങനെ*


ഭാരതത്തിലെ സര്‍വ്വവും എന്നെ ആകര്‍ഷിക്കുന്നു. ഒരു മനുഷ്യന്റെ പരമോത്കര്‍ഷത്തിന് ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ഭോഗഭൂമിയല്ല കര്‍മ്മഭൂമിയാണ് ഭാരതം.


ഭാരതത്തിന്റെ ദൗത്യം മറ്റു രാഷ്ട്രങ്ങളുടേതില്‍ നിന്നും വ്യത്യ സ്തമാണ്. ലോകത്തിന്റെ ആദ്ധ്യാത്മിക നേതൃത്വമാകാന്‍ പാകപ്പെട്ടതാണ് ഭാരതം. പരപ്രേരണയില്ലാതെ സ്വയം ശുദ്ധീകരിക്കപ്പെട്ട രാഷ്ട്രം ഭാരതമല്ലാതെ ഈ ലോകത്ത് മറ്റൊന്നില്ല. നമുക്ക് മാരകായുധങ്ങള്‍ വേണ്ടിവരുന്നില്ല. മറിച്ച് ആത്മീയപരമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പൊരുതുന്നത്. ഭാവിയിലും അവ്വിധം തന്നെയായിരിക്കും.  മറ്റു രാഷ്ട്രങ്ങള്‍ കിരാതമായ സൈനിക ശക്തിയുടെ ഉപാസകന്മാരാണ്. ഭാരതം എല്ലാം നേടുന്നത് ആത്മീയശക്തിയിലാണ്. ആത്മശക്തിക്കുമുന്നില്‍ സൈനികശക്തി ഒന്നുമല്ല എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. കവികള്‍ ഇതേക്കുറിച്ച് പാടിയിട്ടുണ്ട്. ദാര്‍ശനികര്‍ അവരുടെ അനുഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്.


ഭാരതത്തെ എല്ലാ ദാസ്യത്തില്‍ നിന്നും അധീശത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഉതകുന്ന ഒരു വ്യവസ്ഥയ്ക്കുവേണ്ടി ഞാന്‍ പരിശ്രമിക്കും, ഏറ്റവും ദരിദ്രനായ പൗരനും ഇത് അവന്റെ നാടാണെന്നും അതിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അവന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്ന ഒരു ഭാരതത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഉയര്‍ന്നവരും താഴ്ന്നവരും എന്ന വ്യത്യാസം ഇല്ലാത്ത, എല്ലാ ജനവിഭാഗങ്ങളും പരിപൂര്‍ണ്ണ സൗഹാര്‍ദ്ദത്തോടെ വര്‍ത്തിക്കുന്ന ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ആ ഭാരതത്തില്‍ തൊട്ടുകൂടായ്മക്കും മദ്യലഹരിക്കും മയക്കുമരുന്നിനും യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ സ്ഥാനമായിരിക്കും. ഇതര രാഷ്ട്രങ്ങളുമായി സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം സ്ഥാപിക്കുന്നതിനാല്‍ നാം ചൂഷണം ചെയ്യുകയോ നമ്മളെ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയോ ഇല്ല. അപ്പോള്‍ നമുക്ക് ഏറ്റവും ചുരുങ്ങിയ സൈനികശക്തി മാത്രമേ ആവശ്യമാവൂ.  താത്പര്യങ്ങള്‍, അതു വൈദേശികമോ ദേശീയമോ ആവട്ടെ അത് സമൂഹത്തിലെ ലക്ഷോപലക്ഷം വരുന്ന സാധാരണക്കാരന്റെ താത്പര്യങ്ങളെ നിഷ്ഠാപൂര്‍വ്വം ആദരിക്കും. ഇതാണ് എന്റെ സ്വപ്‌നത്തിലെ ഭാരതം. ഇതില്‍ക്കുറഞ്ഞ ഒന്നിലും ഞാന്‍ സംതൃപ്തനാകില്ല.