ലാബുകളില്‍ ഫലം നെഗറ്റീവ്, വിമാനത്താവളത്തില്‍ പോസിറ്റീവ്; യാത്ര മുടങ്ങി യുവതിയും മക്കളും


▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ലാബുകളില്‍ നെഗറ്റീവ്, വിമാനത്താവളത്തില്‍ പോസിറ്റീവ്. ഇതോടെ യാത്ര മുടങ്ങി യുവതിയും മക്കളും.


സംഭവം ഇങ്ങനെ, സ്വകാര്യ ലാബിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ യുവതിയും മക്കളും രണ്ടു തവണ കോവി‍ഡ് ആർടിപിസിആർ പരിശോധന നടത്തിയതിൽ രണ്ടും നെഗറ്റീവ്. ആശ്വാസത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ നടത്തിയ റാപിഡ് പിസിആർ പരിശോധനയിൽ പോസിറ്റീവ്.


കോഴിക്കോട് അരീക്കാട് സ്വദേശിയായ വീട്ടമ്മ റുക്സാനയും മൂന്നു കുട്ടികളുമാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അര്‍ധരാത്രിയോടെ മടങ്ങേണ്ടി വന്നത്.


സ്വകാര്യ ലാബുകളിലെ മണിക്കൂറുകൾ മാത്രം വ്യത്യാസത്തിൽ നടത്തുന്ന പരിശോധനകളിൽ കോവിഡ് വൈറസ് റിപ്പോർട്ട് മാറിവരുന്ന സാഹചര്യം അന്വേഷിക്കണമെന്നും വിദേശ യാത്രയ്ക്ക് പോകുന്ന യുവതികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും കരിപ്പൂർ എയർപോർട്ട് ഡയറക്ടർക്കും പരാതി നൽകിയതായി റുക്സാന പറഞ്ഞു.


ദുബായിൽ ഐടി കമ്പനിയിൽ ജീവനക്കാരനായ ഭർത്താവിനടുത്തേക്കു പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ബിസിനസ് ക്ലാസിലായതിനാൽ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിനായി ഓൺലൈനിൽ നൽകിയിരുന്നു.


യാത്ര മുടങ്ങി ദുരിതത്തിലായ കുടുംബം പുറത്തെത്തി വീണ്ടും റാപിഡ് പിസിആർ പരിശോധന നടത്തിയപ്പോൾ നെഗറ്റീവ്. കോവിഡ് പരിശോധന ഫലങ്ങളിലെ വ്യത്യാസം മൂലം ദുരിതത്തിലായ കുടുംബത്തെ യാത്രയും മുടങ്ങി യാത്രാ പണവും നഷ്ടപ്പെട്ട അവസ്ഥയിൽ അര്‍ധരാത്രി വിമാനത്താവളത്തിൽനിന്നും പുറത്താക്കി.


ഫെബ്രുവരി രണ്ടിനു രാത്രി 11 മണിക്ക് കരിപ്പൂരിൽ നിന്നായിരുന്നു വിമാനം. വിമാനം പുറപ്പെട്ടതോടെ യുവതിയേയും കുട്ടികളേയും വിമാനത്താവളത്തിൽ നിന്നും പുറത്താക്കി.  

അര്‍ധരാത്രിയോടെയാണ് എന്തുചെയ്യണമെന്നറിയാതെ ഇവർ വീട്ടിലേക്കു മടങ്ങിയത്.