ചുരംകയറി കെ ഫോൺ; വയനാട്ടിൽ ആദ്യ കണക്‌ഷൻ കണിയാമ്പറ്റയിൽ :-

വയനാട്:-മികച്ച ഗുണനിലവാരമുള്ള അതിവേഗ ഇന്റർനെറ്റ്‌   ലഭ്യമാക്കാൻ  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ എസ് ഇ ബി - കെ ഫോൺ പദ്ധതി ജില്ലയിൽ ഉടൻ കമീഷൻ  ചെയ്യും.   കണിയാമ്പറ്റ കോർ എൻഡ്‌ ഓഫീസ്‌ പരിധിയിലെ 42 കിലോ മീറ്റർ ചുറ്റളവിലാണ്‌  ആദ്യം കണക്‌ഷൻ ലഭിക്കുക.  കണിയാമ്പറ്റ, പൂതാടി, പനമരം, മുട്ടിൽ പഞ്ചായത്ത്‌ പരിധിയിലെ    32 ഓഫീസുകൾക്ക്‌ കണക്‌ഷൻ നൽകും.  ഏതാണ്ട്‌ അതേ സമയത്തുതന്നെ കൽപ്പറ്റ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കെ ഫോൺ കണക്‌ഷൻ ലഭിക്കും.

 

ആദ്യഘട്ടത്തിൽ  സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി   237  സ്ഥാപനങ്ങളിലാണ്‌   ഇന്റർനെറ്റ്‌ കണക്‌ഷൻ  നൽകുക.  ഇതിൽ 187 സ്ഥാപനങ്ങളിലും കണക്‌ഷൻ നൽകാനുള്ള പ്രവൃത്തി പൂർത്തിയായി. കെ എസ്‌ ഇ ബി  പോസ്‌റ്റുകളിലൂടെ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ വലിച്ചാണ്‌ ഇന്റർനെറ്റ്‌ ലഭ്യമാക്കുക. ആദ്യ ഫേസിൽ 410 കിലോമീറ്റർ ദൂരത്തിലാണ്‌ കേബിളിടുന്നത്‌.  ഇതിൽ 390 കിലോമീറ്റർ ദൂരത്തിൽ  പ്രവൃത്തി പൂർത്തീകരിച്ചു.  മേപ്പാടി ചൂരൽമല   റോഡ്‌ പ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽ  ഈ റൂട്ടിലെ  22 കിലോ മീറ്റർ ദൂരത്തിൽ കേബിളിടുന്നത്‌ തടസ്സപ്പെട്ടിരിക്കയാണ്‌.

 

കൽപ്പറ്റ, മീനങ്ങാടി, കൂട്ടുമുണ്ട, കണിയാമ്പറ്റ, അമ്പലവയൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ്‌ തുടക്കത്തിൽ  കണക്‌ഷൻ നൽകുക. രണ്ടാം ഘട്ടത്തിൽ ബത്തേരി, പടിഞ്ഞാറത്തറ, പുൽപ്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളിലും ഇന്റർനെറ്റ്‌ ലഭ്യമാകും. രണ്ടാം ഫേസിൽ 700 കിലോ മീറ്ററിലാണ്‌ ലൈൻ വലിക്കാനുള്ളത്‌. അതിൽ 300 കിലോ മീറ്റർ ദൂരത്തിൽ പ്രവൃത്തി പൂർത്തിയാക്കി.

 

സർക്കാർ സ്ഥാപനങ്ങളിലും , ദാരിദ്ര്യരേഖക്ക്‌  താഴെയുള്ളവർക്കും‌ സൗജന്യമാണ്‌.‌  മറ്റുള്ളവരിൽനിന്ന്‌ മിതമായ നിരക്ക്‌ ഈടാക്കും. ഇന്റർനെറ്റ്‌  പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ്‌ കേരളം. സാധാരണക്കാർക്കും, പാവപ്പെട്ടവർക്കുമെല്ലാം  ഗുണനിലവാരമുള്ള അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ പദ്ധതി നടപ്പാക്കുന്നത്‌.

 

കിഫ്‌ബിയിൽ 1548 കോടിയാണ്‌ സർക്കാർ ചെലവഴിക്കുന്നത്‌.  49 ശതമാനം വിഹിതം വീതം  കേരള സംസ്ഥാന ഐടി  ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനും (കെഎസ്‌ഐടിഐഎൽ)  കെഎസ്‌ഇബിക്കുമാണ്‌. ബാക്കി 2 ശതമാനം സംസ്ഥാന സർക്കാരിന്റെതാണ്‌.  ഭാരത്‌ ഇലക്‌ട്രോണിക്‌സിന്റെ നേതൃത്വത്തിൽ റെയിൽ ടെൽ, എസ്‌ആർഐടി, എഎസ്‌ കേബിൾ തുടങ്ങിയ കമ്പനികൾ ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.