നരിക്കുനി: ഏതാണ്ട് മൂവായിരത്തിലധികം വർഷം പഴക്കം വരുന്ന നെടിയനാടിൻ്റെ ദേശ ക്ഷേത്രമെന്നറിയപ്പെടുന്ന ഒഴുത്തന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവ പരിപാടികൾ മെയ് 8, 9, 10 ദിവസങ്ങളിൽ നടക്കുന്നതാണ്. 8 ന് കാലത്ത് തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മഹാഗണപതി ഹോമത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വൈകിട്ട് 4 മണിക്ക് പാറന്നൂർ ശിവക്ഷേത്ര സന്നിധിയിൽ നിന്നാരംഭിക്കുന്ന പ്രഭാ മണ്ഡല ഘോഷയാത്രയിൽ പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളും, ചെണ്ടവാദ്യവും താലപ്പൊലിയും അകമ്പടി സേവിക്കും. തുടർന്ന് നാമസങ്കീർത്തന കോകിലം കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന നാ മാർച്ചനയായ മാനസജപ ലഹരി ഉണ്ടായിരിക്കും. 9 ന് കാലത്ത് 8 മണി മുതൽ മലബാറിൻ്റെ ക്ഷേത്ര ചരിത്രത്തിൽ ആദ്യമായി വേദപണ്ഡിതരും, സംഗീതജ്ഞരും അണിനിരക്കുന്ന നവഗ്രഹ മഹായജ്ഞം നടക്കുന്നതാണ്. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ഇരിങ്ങാലക്കുട അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് നടക്കും.പ്രതിഷ്ഠാദിനമായ മെയ് 10ന് കാലത്ത് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉദയാസ്തമന പൂജയും ഉച്ചക്ക് വിശേഷാൽ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി പ്രാദേശിക കലാകാരൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന കലാസന്ധ്യയോട് കൂടി പ്രതിഷ്ഠാദിന മഹോത്സവ പരിപാടികൾക്ക് സമാപനമാവും.പരിപാടിയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻ്റ് രാമചന്ദ്രൻ നമ്പൂതിരി ,സെക്രട്ടറി ദീപക് പിബി, പ്രോഗ്രാം കൺവീനർ രമേശൻ പി വി.എൻ പി രാമകൃഷ്ണൻ, സുനിൽ കുമാർ കട്ടാടശ്ശേരി, മേൽശാന്തി പൊന്നടുക്കം നാരായണൻ ,രഘുനാഥ് കിഴക്കേടത്ത് എന്നിവർ സംബന്ധിച്ചു.


0 അഭിപ്രായങ്ങള്