പാചകപ്പുരകളിൽ ഭക്ഷണ സാധനങ്ങള്‍ വൃത്തിഹീനമായ സ്ഥലത്ത്; സ്കൂളുകളിൽ റെയ്ഡ്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


നെയ്യാറ്റിന്‍കരയിലെ സ്കൂളുകളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ സ്ഥലത്ത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ് നടത്തിയത്. സമീപത്തെ മറ്റു സ്കൂളുകളിൽ പരിശോധന നടത്തുന്നുമുണ്ട്.


പ്രധാനമായും രണ്ടു പ്രശ്നങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയത്. 1) സ്കൂളുകളിലെ പാചകപ്പുര വൃത്തിഹീനമാണ്. അരിയും പച്ചക്കറിയും വൃത്തിഹീനമായ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്. അരി നിലത്തു കിടക്കുന്നതും റെയ്ഡിൽ കണ്ടെത്തി. 2) പാചകം ചെയ്യുന്ന ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിമില്ല. ഇതു നിർബന്ധമാണെന്ന് നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ പരിശോധനയ്ക്കു വിധേയമാകാത്തവരാണ് ഇവിടെ ജോലി ചെയ്തിരുന്നത്.


അതുകൊണ്ട് അരിയുടെയും വെള്ളത്തിന്റെയും സാംപിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വിദഗ്ധ പരിശോധനയ്ക്കു ശേഖരിച്ചു. സ്കൂളിന് കാരണം കാണിക്കല്‍ നോട്ടിസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കൊട്ടാരക്കരയിലും മറ്റും സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.