6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ കേസെടുക്കണം: ഹൈക്കോടതി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് കേരള ഹൈക്കോടതി. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം. വാഹനങ്ങള്‍ കുഴിയില്‍ വീണും അല്ലാതെയും എല്ലാ ദിവസവും നടക്കുന്ന അപകടങ്ങള്‍ കണ്ടു നില്‍ക്കാനാവില്ലെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.


നല്ല റോഡുകള്‍ പൗരന്റെ അവകാശമാണ്. കേരളത്തില്‍ എല്ലായിടത്തും ഒരുപോലെയാണ് മഴ പെയ്യുന്നത്. പിന്നെങ്ങനെയാണ് ചില സ്ഥലങ്ങളിലെ മാത്രം റോഡ് തകരുന്നതെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം നടത്തി ആറു മാസത്തിനകമാണ് റോഡു തകര്‍ന്നതെങ്കില്‍ ഉത്തരവാദികളായ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും എതിരെ വിജിലന്‍സ് കേസെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. അറ്റകുറ്റപ്പണി നടത്തുന്ന റോഡുകളുടെ കാര്യത്തിലും ഇതു ബാധകമാണെന്നും കോടതി വ്യക്തമാക്കി.


റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പേരു മാറ്റി 'കെ- റോഡ്' എന്നാക്കണോ എന്നും സര്‍ക്കാരിനോടു ഹൈക്കോടതി പരിഹാസ രൂപേണ ചോദിച്ചു. സഞ്ചരിക്കാന്‍ പറ്റാത്തവിധം പലയിടത്തും റോഡുകള്‍ തകര്‍ന്നു കിടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.


നേരത്തെ, കേസ് പരിഗണിക്കുമ്പോഴും കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡുകള്‍ തകരുന്നതിന് ഉത്തരവാദികള്‍ ഉദ്യോഗസ്ഥരായിരിക്കും എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. എറണാകുളം നഗരത്തിലെ ഭൂരിപക്ഷം റോഡുകളും തകര്‍ന്നു കിടക്കുകയാണെന്നും അതിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞിരുന്നു. റോഡുകള്‍ പശ ഒട്ടിച്ചാണോ നിര്‍മിക്കുന്നത് എന്നായിരുന്നു അന്നു കോടതിയുടെ ചോദ്യം. ഹര്‍ജി അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.